എരുമേലിയിൽ മാലിന്യ നിർമാർജന യജ്ഞത്തിന് തുടക്കമായി
എരുമേലി ∙ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കനകപ്പലം, പ്ലാച്ചേരി, വെച്ചൂച്ചിറ വനമേഖലയിലെ വഴിയോര സൗന്ദര്യവൽക്കരണ പ്രവർത്തനം ‘ഹരിതം അരണ്യകം’ പദ്ധതിയുടെ രണ്ടാം ഘട്ടമായ മാലിന്യ നിർമാർജന യജ്ഞം ആരംഭിച്ചു. ജോസഫ് എം പുതുശേരി, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സനൽ രാജ്, മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, പ്രഫ.മേജർ.എം.ജി.വർഗീസ് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. പദ്ധതി ചെയർമാൻ ടി.കെ. സാജു അധ്യക്ഷത വഹിച്ചു .
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ്, പഞ്ചായത്ത് അംഗം സുനിൽ ചെറിയാൻ, ജോൺ സാമുവൽ ജോൺ.വി.തോമസ്, ഐസക്ക് വർഗീസ്, കൊച്ചുമോൻ പ്രസാദ്, ബാബു തോമസ്, സിന്ധു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ശബരിമല തീർഥാടന പാതകൾ പ്രകൃതി സുന്ദരവും ഹരിതാഭവുമാക്കുക മാലിന്യം പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന ശീലം നിരുത്സാഹപ്പെടുത്തുക, ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക, വനവും വായുവും ജലവും കാത്തു സൂക്ഷിക്കുക, പാതയോരത്ത് സ്നേഹാരാമം വിശ്രമ കേന്ദ്രങ്ങളും സ്നാക്സ് സെന്ററുകളും സ്ഥാപിക്കുക, ഗ്രാമീണ ടൂറിസം പദ്ധതികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗ്രീൻ ആൻഡ് ക്ലീൻ ക്യാംപസുകൾ , ജലസാക്ഷരത, ഉധ്യാന നിർമാണം എന്നിവയാണ് ഹരിതം അരണ്യകം പദ്ധതിയുടെ ലക്ഷ്യം.
കനകപ്പലം വെച്ചൂച്ചിറ റോഡിൽ നിന്നുള്ള മാലിന്യ നീക്കമാണ് ആദ്യ ദിവസം ആരംഭിച്ചത്. ആദ്യ ദിനത്തിൽ മൂന്നര ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. കൂടുതലും ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും ആയിരുന്നു. രണ്ടര കിലോ മീറ്റർ റോഡിന്റെ ഇരു വശങ്ങളിലും വർഷങ്ങളായി വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യങ്ങൾ തള്ളുന്നത്. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ മുതൽ ആശുപത്രി മാലിന്യങ്ങൾ വരെ റോഡ് അരികിൽ തള്ളുന്നുണ്ട്.
മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനും വനമേഖല പൂർണമായും മാലിന്യമുക്തമാക്കുന്നതിനും റോഡ് അരികിൽ ക്യാമറകൾ സ്ഥാപിക്കും. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി തദ്ദേശ ഭരണ സ്ഥാപനം പൊലീസ്, വനം വകുപ്പ് എന്നിവർക്ക് കൈമാറുകയാണ് ലക്ഷ്യം.
ദിവസവും ലോറികളിലും പിക്കപുകളിലും ശുചിമുറി മാലിന്യം മുതൽ അറവുശാലകളിലെ മാലിന്യങ്ങൾ വരെ തള്ളുന്നുണ്ട്. മാലിന്യം തള്ളുന്നവരെ ബോധവൽക്കരിക്കുന്നതിനായി ബോർഡുകൾ സ്ഥാപിക്കുകയും മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനു സിസി ടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. നിലവിലുള്ള മാലിന്യങ്ങൾ നീക്കിയ ശേഷം ക്യാമറകൾ സ്ഥാപിക്കും.
”ഹരിതം അരണ്യകം” പദ്ധതിയുടെ ഭാഗമായി റോഡ് അരികിലെ മാലിന്യങ്ങൾ നീക്കുന്ന സ്ഥലങ്ങളിൽ നട്ടു വളർത്തുന്നതിനുള്ള ഇരുപതിനായിരം ചെടികളുടെ തവാരണ തയാറായി വരികയാണ്. ഇതുകൂടാതെ റോഡ് അരികിൽ 20000 പുളി മരങ്ങളും ഇലഞ്ഞിയും വച്ചു പിടിപ്പിക്കും.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനംവകുപ്പ്, സാമൂഹിക വനവൽക്കരണ വിഭാഗം, ,ത്രിതല പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, എരുമേലി പഞ്ചായത്ത്, സാംസ്കാരിക ആധ്യാത്മിക സംഘടനാ നേതാക്കൾ, യുവജന സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ, എൻസിസി, എൻഎസ്എസ്, റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ പ്രവർത്തകർ, എരുമേലി ഡവലപ്മെന്റ് കൗൺസിൽ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങിയവർ സഹകരിക്കുന്നു.