അകക്കണ്ണിന്റെ വെളിച്ചത്തിൽ അന്ധതയെ തോൽപ്പിച്ച് മിന്നും വിജയം കൈവരിച്ച് നാൽവർ സംഘം..
കാഞ്ഞിരപ്പള്ളി : അന്ധതയെ തോൽപ്പിച്ച് എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ നാൽവർ സംഘം. സ്വന്തം മാതാപിതാക്കളെയോ, സഹോദരങ്ങളെയൊ , കൂട്ടുകാരെയൊ, പ്രകൃതി സൗന്ദര്യമൊ സ്വന്തം നേത്രങ്ങൾ കൊണ്ട് ഒരിക്കൽ പോലും കാണാൻ കഴിയാതെ 100% അന്ധരായ മൂന്ന് കുട്ടികളും 60 ശതമാനത്തിലേറെ അന്ധനായ ഒരു കുട്ടിയുമാണ് കാളകെട്ടി എ. എം. എച്ച്. എസ് സ്കൂളിൽ സ്ക്രൈബിന്റെ സഹായത്തോടെ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയത്.
പൂർണ്ണമായും കാഴ്ച പരിമിതിയുളള, ആകാശ് അജി, മരിയ അജി, തെരേസ ജോസ് എന്നിവരും, ഭാഗികമായി കാഴ്ച പരിമിതിയുള്ള അരുൺ കൃഷ്ണൻ എന്ന വിദ്യാർത്ഥിയുമാണ് വിജയകിരീടം ചൂടിയത് .
ഇടുക്കി അയ്യപ്പൻകോവിൽ മണപ്പുറത്ത് അജിയുടെയും ഷൈമിയുടെയും 100 ശതമാനം കാഴ്ചയില്ലാത്ത രണ്ടു മക്കളാണ് ആകാശും, മരിയയും.പൈക മല്ലികശേരി കള്ളിവയലിൽ ജോസ് കുരുവിളയുടെയും, ലിസിന്റെയും മകളാണ് തെരേസ് ജോസ്. പൂർണ്ണമായും അന്ധയായ തെരേസ് പരസഹായം ഇല്ലാതെ നടക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ്. പത്തനംതിട്ട നെല്ലിമുകൾ പ്രകാശ് ഭവനത്തിൽ പ്രകാശന്റെയും ഭാര്യ ആര്യയുടെയും മകനാണ് 60% അന്ധതബാധിച്ച അരുൺ കൃഷ്ണൻ .
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ദേശഭക്തിഗാനം ലളിതഗാനം വർക്ക് എക്സ്പീരിയൻസ് എന്നിവക്ക് ഏറെ സമ്മാനങ്ങൾ വാരിക്കൂട്ടിയ കുട്ടികളാണ് ഇവർ. ഇവരെ ഏറെ സ്നേഹപൂർവ്വം പരിചരിക്കുകയും പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നത് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗങ്ങളായ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ പ്രധാന അധ്യാപികയായ സിസ്റ്റർ റെൻസി മേരി എ. എസ്. എം. ഐ., സിസ്റ്റർ ബിൻസി, സിസ്റ്റർ ജിയോ , സിസ്റ്റർ പ്രിൻസി, സിസ്റ്റർ വന്ദന, സിസ്റ്റർ ഗ്ലോറിയ, സിസ്റ്റർ ജോസ്മി എന്നിവരുടെ നേതൃത്വത്തിലാണ്. സിജി സ്കറിയ, റജീന മേരി മറ്റ് സ്പെഷ്യൽ സ്കൂൾ അധ്യാപകർ, ആയമാർ തുടങ്ങിയവരും ഇവരുടെ സഹായത്തിനായിട്ടുണ്ട്. തികച്ചും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾ ഒന്നാം ക്ലാസ് മുതൽ കാളകെട്ടി അസീസി അന്ധ വിദ്യാലയത്തിലും,ഹൈസ്കൂൾ ക്ലാസുകളിൽ കാളകെട്ടി എ.എം.എച്ച്.എസ്.എസ് ലുമാണ് പഠനം നടത്തിയത്. സർക്കാരിൻ്റെ തുച്ഛമായ തുക മാത്രമേ ഇവരെ പരിപാലിക്കുന്ന അന്ധവിദ്യാലയത്തിന് ലഭിക്കാറുള്ളൂ എങ്കിലും മറ്റ് 42 വിദ്യാർത്ഥികളെയും ഏറെ സ്നേഹത്തോടെ സന്യാസിനികൾ ‘പരിചരിക്കുന്നു.