വലിയ പഞ്ചായത്തുകളുടെ വിഭജനം ; പ്രതീക്ഷയുമായി മുക്കൂട്ടുതറ
എരുമേലി ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡ് പുനർനിർണയത്തിന്റെ ഭാഗമായി വലിയ പഞ്ചായത്തുകൾ വിഭജിക്കാനുള്ള നീക്കത്തിൽ പ്രതീക്ഷയർപ്പിച്ച് മുക്കൂട്ടുതറ.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കുമെന്നു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച് ടോക്കൺ തുക അനുവദിച്ചിരുന്നു. 23 വാർഡുകളും 55,000 ജനസംഖ്യയും 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമാണ് എരുമേലി പഞ്ചായത്തിനുള്ളത്. ചില വാർഡുകളിൽ 2700 വരെ ജനസംഖ്യ ഉണ്ട്. 2 കോടിയിലധികം രൂപയാണു തനതു വരുമാനം.
തദ്ദേശ പുനർനിർണയം: 71 വാർഡുകൾ കൂടും
∙ തദ്ദേശ പുനർനിർണയത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തിലു ഓരോ വാർഡ് കൂടുമ്പോൾ പുതിയതായി 71 വാർഡുകൾ നിലവിൽ വരും. നഗരസഭകളിലും 6 വാർഡുകൾ കൂടും.
എരുമേലി കൂടാതെ ജില്ലയിൽ 2 പഞ്ചായത്തുകൾ കൂടി വിഭജിക്കുന്നതിനു തദ്ദേശഭരണ വകുപ്പ് ശുപാർശ നൽകിയിരുന്നു. എന്നാൽ മറ്റു പഞ്ചായത്തുകളുടെ രൂപീകരണ കാര്യങ്ങളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. നിയമപ്രകാരം ഒരു പഞ്ചായത്തിൽ ഉൾപ്പെടുത്താവുന്ന പരമാവധി വാർഡ് 23 ആയിരുന്നു. പുതിയ ഓർഡിനൻസ് പ്രകാരം ഒരു വാർഡ് കൂടി വർധിക്കുന്നതോടെ ഇത് 24 ആയി ഉയർത്തും. ഓരോ വാർഡിലും ശരാശരി 1000 ജനസംഖ്യ എന്നതാണു കണക്ക്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായി
∙ വാർഡ് പുനർനിർണയത്തിനുള്ള നടപടികൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപാണ് ആരംഭിച്ചത്. തദ്ദേശഭരണ ജീവനക്കാർക്ക് ഒരു വട്ടം പരിശീലന ക്ലാസും നടത്തി. മൊബൈൽ ആപ്ലിക്കേഷൻ വഴി വാർഡുകളുടെ അതിർത്തി പുനർനിർണയത്തിനുള്ള നടപടികളും ആരംഭിച്ചു. ഈ സമയത്താണു തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഇതോടെ നടപടികൾ നിലച്ചു.
തുടക്കം 2015ൽ
∙ 2015ൽ ഉമ്മൻ ചാണ്ടി സർക്കാരാണു സംസ്ഥാനത്തെ 60 വലിയ പഞ്ചായത്തുകൾ വിഭജിക്കുന്നതിനുള്ള നടപടി തുടങ്ങിയത്.
ജില്ലയിൽ 23 വാർഡുകൾ വീതമുള്ള എരുമേലി പഞ്ചായത്തും പനച്ചിക്കാട് പഞ്ചായത്തും വിഭജിക്കാനായിരുന്നു ശുപാർശ. ഇതിന്റെ നടപടിക്രമങ്ങൾ 90 ശതമാനവും പൂർത്തിയായി വാർഡ് വിഭജനത്തിന്റെ നടപടിക്രമങ്ങളും നടന്നു.
എന്നാൽ വാർഡുകളുടെ നമ്പർ ഇടുന്നതിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ പഞ്ചായത്ത് വിഭജനം രാഷ്ട്രീയ താൽപര്യപ്രകാരമാണെന്നു കാണിച്ച് ചിലർ കോടതിയെ സമീപിച്ചു.
വില്ലേജുകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ രൂപീകരിക്കാനും നിലവിലുള്ള നടപടികൾ നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. ഇതോടെ പഞ്ചായത്ത് വിഭജനം നിർത്തിവച്ചു.
എന്നാൽ ഇതിനൊപ്പം നടപടി പുരോഗമിച്ച പുതിയ നഗരസഭാ രൂപീകരണവും കോർപറേഷൻ രൂപീകരണവും നടന്നു.
2020ൽ എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പിനു മുൻപു വലിയ പഞ്ചായത്തുകളിൽ ഒരു വാർഡ് കൂടി രൂപീകരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതു തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു.അന്നു നടക്കാതെ പോയ വാർഡ് പുനർനിർണയമാണ് ഇപ്പോൾ വീണ്ടും സർക്കാർ നടപ്പാക്കുന്നത്.