ഓർമ്മകൾ ചുരം കയറുന്ന പുല്ലുപാറ

മുണ്ടക്കയം: ഹൈറേഞ്ചിലേക്ക് ചുരം കയറി കിതച്ചെത്തുന്ന വാഹനങ്ങൾക്ക് ‘ദാഹജലം’ നൽകിയിരുന്നു പുല്ലുപാറയെന്ന ഇടത്താവളം. മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിലാണ് പുല്ലുപാറ. പഴയ പ്രതാപം നഷ്ടമാകുമ്പോഴും സഞ്ചാരികൾക്ക് തണലാണ് ഇപ്പോഴും ഇവിടം.

ഹൈറേഞ്ച് യാത്രയ്ക്കിടെ വാഹനങ്ങളുടെ പ്രധാന സ്റ്റോപ്പ് ആയിരുന്നു പുല്ലുപാറ. പണ്ട് കൽക്കരി കത്തിച്ച് ഊർജം ഉണ്ടാക്കി ഓടിയിരുന്ന ബസുകളും ചരക്കുലോറികളും മണിക്കൂറുകളോളം ഇവിടെ നിർത്തി വെള്ളമൊഴിച്ച് എൻജിൻ തണുപ്പിച്ചശേഷമാണ് കിഴക്കോട്ട് യാത്രതുടർന്നത്.

കോട്ടയത്തുനിന്നു ഹൈറേഞ്ചിലേക്ക് വന്നിരുന്ന ഗോമതി, സെയ്ൻറ് ജോർജ് എന്നീ ബസുകളുടെയും പ്രധാന വിശ്രമ ഇടമായിരുന്നു പുല്ലുപാറ. തമിഴ്നാട്ടിൽ നിന്നു പച്ചക്കറിയും പലവ്യഞ്ജനങ്ങളും കയറ്റിവരുന്ന വാഹനങ്ങൾ രാത്രി ഇവിടെ നിർത്തിയിട്ട ശേഷം രാവിലെയാണ് കോട്ടയത്തേക്ക് പോവുക.

മലമുകളിൽനിന്ന് വലിയ കുഴൽ വഴി വെള്ളം എത്തിച്ച് വലിയ വീപ്പകളിൽ മാടക്കടകൾക്ക് മുൻവശം ശേഖരിച്ചുവെച്ചിരുന്നു. ഭക്ഷണംകഴിക്കുവാൻ ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുമുണ്ട്. ഉയരംകൂടിയ പാറക്കെട്ടുകൾക്കിടയിലുള്ള സ്ഥലമായതിനാൽ സദാസമയം നല്ല തണുപ്പും. വലിയ മൂന്ന് മരങ്ങൾ നൽകുന്ന തണലും. ഇവിടെനിന്ന് ചിത്രം എടുക്കുക വിദേശ വിനോദസഞ്ചാരികളുടെ പതിവായിരുന്നു. നസീറും ഷീലയും അഭിനയിച്ച വെളുത്തകത്രീന, ലോറിത്താവളത്തിന്റെ കഥ പറയുന്ന മനോജ് കെ.ജയൻ നായകനായ പാളയം എന്നീ സിനിമയുടെ സെറ്റ് ഇവിടെയായിരുന്നു.

കാലം മാറിയതോടെ വാഹനങ്ങൾക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇവിടെ നിർത്തിയിടുന്ന ചരക്കുവാഹനങ്ങളുടെ എണ്ണം കുറഞ്ഞു. പക്ഷേ വിശ്രമയിടം എന്ന നിലയിൽ സഞ്ചാരികൾ ഇവിടെ ഇപ്പോഴും സമയം ചെലവഴിക്കുന്നു. പ്രദേശത്ത് കുളിർമനൽകിയിരുന്നു വലിയ വൃക്ഷങ്ങളിൽ ഒന്ന് നിലംപതിച്ചു. കാറ്റിൽ ഒടിഞ്ഞ് അപകടം ഉണ്ടാകാതിരിക്കാൻ മറ്റു മരങ്ങളുടെ ശിഖരങ്ങൾ വെട്ടിനീക്കിയത് പ്രദേശത്തിന്റെ സൗന്ദര്യം കുറച്ചിട്ടുണ്ട്. ദേശീയപാത വീതികൂട്ടി വികസിപ്പിക്കുന്നതോടെ പുറമ്പോക്കിൽ സ്ഥാപിച്ചിരിക്കുന്ന കടകൾ നീക്കംചെയ്തേക്കാം.

error: Content is protected !!