സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങി
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഓഫീസ് പരിധിയിലെ സ്‌കൂൾ വാഹനങ്ങളുടെയും സ്‌കൂൾ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന തുടങ്ങി. ചെറുവള്ളി, ചിറക്കടവ്, മണിമല, ഇളങ്ങുളം, എലിക്കുളം വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധനയാണ് ബുധനാഴ്ച നടന്നത്. ജോയിന്റ് ആർ.ടി.ഒ. സഞ്ജയ്, എം.വി.ഐ.മാരായ ഹഫീസ് യൂസഫ്, ഷാജി വർഗീസ്, എ.എം.വി.ഐമാരായ ടി.വി.അനിൽകുമാർ, വിജോ വി.ഐസക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇടക്കുന്നം, കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി, എരുമേലി സൗത്ത് വില്ലേജുകളിലേത് 25-നാണ്. എരുമേലി നോർത്ത്, മുണ്ടക്കയം, കോരൂത്തോട്, കൂട്ടിക്കൽ വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കുള്ള പരിശോധന 29-ന് നടത്തും. ജി.പി.എസ്., അഗ്‌നിരക്ഷാ ഉപകരണങ്ങൾ, സ്പീഡ് ഗവർണർ, വിദ്യാവാഹൻ ആപ്പ് എന്നിവയാണ് പരിശോധയിൽ ഉൾപ്പെടുന്നത്. 170 ഓളം വാഹനങ്ങളാണ് മൂന്നുദിവസമായി പരിശോധിക്കുന്നത്. ആദ്യദിനം 39 വാഹനങ്ങൾ പരിശോധിച്ചു. ഇവയിൽ ആറ് വാഹനങ്ങൾക്ക് പൂർണഫിറ്റ്‌നസ് നൽകി. സബ് ആർ.ടി.ഓഫീസിൽ സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കായി റോഡ് സുരക്ഷാ ക്ലാസും നടന്നു.