വൈദ്യുതി വിച്ഛേദിക്കാൻ പോയ ലൈൻമാനെ അതേ വീട്ടിലെ നായ കടിച്ചു ; പോലീസിൽ പരാതി നൽകി..
പൊൻകുന്നം: വൈദ്യുതികുടിശ്ശിക വരുത്തിയയാളുടെ വീട്ടിൽ കണക്ഷൻ വിച്ഛേദിക്കാൻ പോയ ലൈൻമാനെ അതേവീട്ടിലെ നായ കടിച്ചു. പൊൻകുന്നം കെ.എസ്.ഇ.ബി.ഓഫീസിലെ ലൈൻമാൻ ശ്രീകാന്ത്(38) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം. ആറുകടിയേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 36 കുത്തിവെപ്പെടുത്തു. നായക്ക് പേവിഷ പ്രതിരോധകുത്തിവെപ്പെടുത്തിരുന്നില്ല.
സംഭവം സംബന്ധിച്ച് പൊൻകുന്നം വീട്ടുവേലിൽ ശ്രീകുമാർ എന്നയാൾക്കെതിരെ കെ.എസ്.ഇ.ബി.അസി.എൻജിനീയർ പൊൻകുന്നം പോലീസിൽ പരാതി നൽകി. ഈ മാസം 15-ന് ഇയാളുടെ ഓട്ടോറിക്ഷ ഇടിച്ച് വൈദ്യുതിത്തൂൺ തകർന്ന സംഭവമുണ്ടായിരുന്നു. അതിന്റെ പിഴ ഇനിയും അടയ്ക്കാനുണ്ട്. കൂടാതെ കണക്ഷൻ വിച്ഛേദിക്കാനെത്തുമെന്ന് വിളിച്ചറിയിച്ചിട്ടും നായയെ കൂട്ടിലടയ്ക്കാത്തത് മന:പൂർവമാണെന്ന് കരുതുന്നതായാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.