മാലിന്യത്തിൽനിന്ന് കിട്ടിയ കമ്മൽ ഉടമയെ ഏൽപിച്ച് ഹരിതകർമ സേനാംഗം. രോഹിണി മാതൃകയായി
പാറത്തോട് ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടെയിൽ നിന്നു കിട്ടിയ ഒരു ജോഡി സ്വർണ കമ്മൽ ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ഹരിതകർമ സേനാംഗം. പാറത്തോട് പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ രോഹിണിക്കാണ് ആണ് പ്ലാസ്റ്റിക് തരംതിരിക്കുന്നതിനിടയിൽ നാലു ഗ്രാം തൂക്കമുള്ള കമ്മൽ ലഭിച്ചത്.
രോഹിണി ഉടൻ ഹരിതകർമ സേന പ്രസിഡന്റ് മിനി സോമൻ പഞ്ചായത്തംഗം ടി.രാജൻ എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് ഇവർ പഞ്ചായത്ത് സാമൂഹിക മാധ്യമങ്ങൾ വഴി അറിയിപ്പ് നൽകിയതിനെ തുടർന്ന് യഥാർഥ ഉടമയെ കണ്ടെത്തി. ഒന്നാം വാർഡിലെ വേങ്ങത്താനം മാളിക വെള്ളാപ്പാണിയിൽ ഏലിക്കുട്ടി ആന്റണിയുടേതായിരുന്നു കമ്മൽ. പഞ്ചായത്തിൽ നടന്ന ഹരിത കർമസേനയുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ കമ്മൽ ഉടമയ്ക്ക് കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡന്റും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ജോണിക്കുട്ടി മഠത്തിനകം രോഹിണിക്കു പാരിതോഷികം നൽകുകയും ചെയ്തു.