പാലിയേറ്റീവ് പരിചരണത്തിൽ പത്ത് വർഷം പിന്നിട്ട് സ്വരൂമ സൊസൈറ്റി

കാഞ്ഞിരപ്പള്ളി: ആരോഗ്യ സാമൂഹിക സാന്ത്വന പരിപാലന രംഗത്ത് 10 വർഷം പൂർത്തീകരിച്ച് സ്വരുമ പാലിയേറ്റീവ് സൊസൈറ്റി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറി (ഐ.എ.പി.സി)ന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ലോകാരോഗ്യസംഘടന അംഗീകരിച്ച സാമൂഹിക പിന്തുണയോടെയാണ് സ്വരുമയുടെ മുന്നേറ്റം. സ്വാന്തനപരിചരണത്തിനൊപ്പം സാമൂഹിക, പാരിസ്ഥിതിക മേഖലകളിലും സജീവസാന്നിധ്യമറിയിച്ചാണ് സ്വരുമ 10 വർഷം പിന്നിടുന്നത്.

ഒരുപതിറ്റാണ്ട് മുൻപ് കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച സ്വരുമ ഇപ്പോൾ ചിറക്കടവ്, പാറത്തോട്, മുണ്ടക്കയം, എരുമേലി, വെള്ളാവൂർ, മണിമല, നെടുങ്കണ്ടം, തിടനാട് തുടങ്ങിയ പ്രദേശങ്ങളിലും നിറസാന്നിധ്യമായിട്ടുണ്ട്.
നിർധനരും നിരാലംബരുമടക്കം വ്യത്യസ്ത സാമ്പത്തിക സാഹചര്യത്തിലുള്ള രോഗികളെ അവരുടെ വീടുകളിലെത്തി സന്ദർശിക്കുകയും മതിയായ ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുകയുമാണ് സ്വരുമയുടെ പ്രധാന കർമ്മപരിപാടി. വീടുകളിലെത്തി ഫിസിയോ തെറാപ്പി സേവനവും നൽകുന്നുണ്ട്.

ഭവനസന്ദർശനത്തിനൊപ്പം ഓഫീസിനോടനുബന്ധിച്ച് സൗജന്യ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കിഡ്‌നി രോഗികൾക്ക് സൗജന്യമായി മരുന്നും ഡയാലിസിസ് സൗകര്യങ്ങളും സമ്മാനിക്കുന്ന ജീവധാര പദ്ധതി ഇതിനോടകം സംസ്ഥാനത്തുതന്നെ ശ്രദ്ധനേടിയിട്ടുണ്ട്. ഇതിനോടകം ഉദാരമതികളുടെ പിന്തുണയോടെ വിവിധ സ്വകാര്യ ആശുപത്രികൾക്കായി നാല് ഡയാലിസിസ് മെഷീനുകൾ സൗജന്യമായി സമ്മാനിക്കാൻ സ്വരുമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാനസികവൈകല്യങ്ങളെ മറികടക്കാനായി സൈക്യാട്രി ഡോക്ടറുടെ സൗജന്യസേവനവും സ്വരുമ നൽകുന്നുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംഗമവും തെറാപ്പികളും മാസത്തിലൊരിക്കൽ സൈക്യാട്രി ഡെ കെയർ എന്ന പേരിൽ നടത്തുന്നു.

വീൽ ചെയർ, മെഡിക്കൽ ബെഡ്, വോക്കർ, ഓക്‌സിജൻ സിലിണ്ടർ, ഓക്‌സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവ നിരവധിപേർക്ക് നൽകാൻ ഇതിനോടകം സ്വരൂമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിർധനകുടുംബങ്ങൾക്ക് വിശേഷാവസരങ്ങളിൽ സൗജന്യമായി ഭക്ഷ്യധാന്യകിറ്റുകൾ നൽകുന്ന പദ്ധതിയും സ്വരൂമയ്ക്കുണ്ട്. പാലിയേറ്റീവ് കെയർ പരിശീലനവും പാലിയേറ്റവ് കെയർ സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ നൽകുന്ന ലവ്‌ ഡേർളി.കോം എന്ന പേരിൽ വെബ്‌പോർട്ടൽ ക്രമീകരണവും സ്വരുമയുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു.

ഇതിനോടകം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് സ്വാന്തനമേകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സ്വരുമയുടെ പത്താം വാർഷികാഘോഷങ്ങൾ നടക്കുക. കോട്ടയം ജില്ലയിലെ മികച്ച പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള അവാർഡുകളടക്കമുള്ള ഒട്ടേറെ അംഗീകാരങ്ങൾ സ്വരൂമയെ തേടിയെത്തിയത് പ്രവർത്തനമികവിന്റെ തെളിവാണ്.

പത്താം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരുമയുടെ പ്രവർത്തനം അയൽജില്ലകളിലേക്കടക്കം വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളതായി സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾടെക്‌സ്, സെക്രട്ടറി ജോയി മുണ്ടാംമ്പള്ളി, ട്രഷറർ ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ എന്നിവർ അറിയിച്ചു. പത്താം വാർഷികം ജൂൺ 22ന് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂൾ ഹാളിൽ നടക്കും.

error: Content is protected !!