നിറക്കൂട്ടുകളുടെ മായാലോകം തുറന്ന് മുപ്പതിലേറെ ചിത്രകാരന്മാരുടെ പാഠങ്ങളുമായി ചിത്രകലാപഠനക്യാമ്പ്..

പൊൻകുന്നം: സംസ്ഥാനത്തിന്റെ വിവിധ വിവിധ ജില്ലകളിൽനിന്നുള്ള മുപ്പതിലേറെ പ്രമുഖ ചിത്രകാരന്മാർ ലൈവായി ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് ചിത്രരചനയിലെ പാഠങ്ങൾ പകർന്ന ചിത്രകലാപഠന ക്യാമ്പ് വേറിട്ട കാഴ്ചയായി. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ്, ക്യാംലിൻ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സ്‌കൂൾഹാളിലാണ് ക്യാമ്പ് നടത്തിയത്.

സബ് ഇൻസ്‌പെക്ടറും നിരവധി കേസുകളിലെ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കി പ്രശസ്തനായ രാജേഷ് മണിമല, അന്താരാഷ്ട്ര ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ജലച്ചായ ചിത്രകാരൻ ധനേഷ് ജി.നായർ എന്നിവരുടെ ഡെമോൺസ്‌ട്രേഷനുമുണ്ടായിരുന്നു. ജനപ്രിയ വാരികകളിലെ ചിത്രമെഴുത്തുകാരായ മോഹൻ മണിമല, എൻ.ജി. സുരേഷ്‌കുമാർ, പ്രദർശനങ്ങളിലൂടെ ശ്രദ്ധേയരായ ജയ് പി.ഈശ്വർ, പ്രിയ ശ്രീലത തുടങ്ങി മുപ്പതിലേറെപ്പേരാണ് തങ്ങളുടെ ചിത്രരചനയുടെ വഴികൾ കുട്ടികൾക്കുമുൻപിൽ അവതരിപ്പിച്ചത്. സ്‌കൂളുകളിലെ ചിത്രകലാധ്യാപകരും പങ്കെടുത്തു.

പങ്കെടുത്ത ചിത്രകാരന്മാരെല്ലാം ക്യാൻവാസിൽ ചിത്രരചന നടത്തി. കുട്ടികളും രചനയിൽ പങ്കെടുത്തു. ഇവർ തയ്യാറാക്കിയ ചിത്രങ്ങൾ പ്രദർശനത്തിന് വെച്ച് അർഹരായ കുട്ടികൾക്ക് സഹായധനം നൽകുന്നതിനായി വിനിയോഗിക്കും. സ്‌കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, എസ്.എം.സി.ചെയർമാൻ പി.ജി.ജനീവ്, പി.ടി.എ.പ്രസിഡന്റ് രാധിക ഷിബു, സലാഹുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!