കനകപ്പലം – വെച്ചൂച്ചിറ റോഡിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
.എരുമേലി ∙ കനകപ്പലം – വെച്ചൂച്ചിറ റോഡിൽ മാലിന്യങ്ങൾ തള്ളിയാൽ ഇനി പിടിവീഴും. റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ക്യാമറകൾ വാങ്ങി വനം വകുപ്പിനു കൈമാറി. റോഡും അരികുകളും വൃത്തിയാക്കിയ ശേഷം മാലിന്യം തള്ളരുതെന്ന് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വനം വകുപ്പ് ഉടൻ ക്യാമറകൾ സ്ഥാപിച്ചത്.
3.5 കിലോമീറ്റർ ദൂരത്തിൽ മാലിന്യങ്ങൾ തള്ളുന്ന 5 പ്രധാന പോയിന്റുകളിൽ ഇന്നലെ ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ വനം വകുപ്പ് പ്ലാച്ചേരി ഓഫിസിലും എരുമേലി പൊലീസ് സ്റ്റേഷനിലും മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അധികൃതർക്കും ഒരേ സമയം ലഭിക്കും. ബാക്കി 5 ക്യാമറകൾകൂടി ഉടൻ വനം വകുപ്പിനു ലഭ്യമാക്കുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ അറിയിച്ചു. പ്രവാസിയായ ഡോ. ജോർജ് തോമസ് വടക്കേമുറിയിലാണ് ഒന്നിന് 10,500 രൂപ വിലവരുന്ന ക്യാമറകൾ വാങ്ങിനൽകിയത്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ക്യാമറകളാണിവ. രാത്രിയും മിഴിവോടെ ദൃശ്യങ്ങൾ ലഭിക്കും. വനത്തിലൂടെയുള്ള റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നമ്പർ കൃത്യമായി ക്യാമറയിൽ ലഭിക്കും. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പും പൊലീസും അറിയിച്ചു.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനം വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ വ്യക്തികൾ തുടങ്ങിയവരുടെ സഹായത്തോടെ കനകപ്പലം – വെച്ചൂച്ചിറ റോഡരികിൽ നിന്ന് 52 ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. മാലിന്യങ്ങൾ നീക്കം ചെയ്ത സ്ഥലങ്ങളിൽ ആയിരക്കണക്കിനു ചെടികളും ഫൗണ്ടേഷൻ നട്ടുവളർത്തി വരികയാണ്.
പ്രപ്പോസ് – എംഇഎസ് കോളജ് റോഡിലും വ്യാപകമായി ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ തള്ളുന്നുണ്ട്.