നാളുകളായി തകർന്നു കിടക്കുന്ന റോഡിനു വേണ്ടി ജനകീയ കൂട്ടായ്മ
മുണ്ടക്കയം ∙ ‘രാഷ്ട്രീയം വേണ്ട, പ്രഖ്യാപനങ്ങൾ വേണ്ട, കഴിഞ്ഞുപോയ പദ്ധതികളുടെ കീറിമുറിച്ചുള്ള ചർച്ചകളും വേണ്ട. പക്ഷേ, ഞങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം വേണം’. പറയുന്നത് കരിനിലം – പശ്ചിമ – കുഴിമാവ് റോഡിനെ ആശ്രയിച്ചു കഴിയുന്നവരാണ്. ഇവർക്ക് അധികൃതരോടു ചോദിക്കാൻ ഒരു ചോദ്യം കൂടിയുണ്ട്: ‘ഇനി ഇൗ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?’
കരിനിലം പോസ്റ്റ് ഓഫിസ് കവലയിൽ നിന്നാരംഭിച്ച് പ്ലാക്കപ്പടി, പശ്ചിമ, കൊട്ടാരംകട വഴി കുഴിമാവിൽ എത്തിച്ചേരുന്ന റോഡാണിത്. 12 കിലോമീറ്റർ റോഡ് പൂർണമായും തകർന്ന് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായി. മുണ്ടക്കയം – വണ്ടൻപതാൽ – കോരുത്തോട് കുഴിമാവ് റോഡിന്റെ സമാന്തരമായ എളുപ്പ വഴിയാണിത്. പ്രസിദ്ധമായ പശ്ചിമ ദേവീ ക്ഷേത്രത്തിലേക്ക് പോകുന്നതും ഇൗ വഴിയിലൂടെയാണ്.
വർഷങ്ങളായി റോഡ് തകർന്ന നിലയിലാണ്. വണ്ടൻപതാൽ, പ്ലാക്കൽപടി വഴി കുഴിമാവിലേക്ക് ഈ റോഡിലൂടെ ബസ് സർവീസും ഉണ്ട്.
റോഡ് നിർമാണത്തിനായി ഒരിക്കൽ പദ്ധതി പ്രഖ്യാപിച്ച് സാധനങ്ങൾ എല്ലാം ഇറക്കിയതാണ്. പക്ഷേ നിർമാണം നടന്നില്ല. കാരണം നാട്ടുകാർക്ക് അറിയില്ല. കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചുപോയി എന്നു മാത്രമാണ് അധികൃതർ നൽകിയ വിശദീകരണം. റോഡ് ഉടൻ നിർമിക്കുമെന്ന് പിന്നീടും പ്രഖ്യാപനങ്ങൾ നടന്നെങ്കിലും നടപടി ഉണ്ടായില്ല. ഇൗ സാഹചര്യങ്ങൾ നിലനിൽക്കെ നാട്ടുകാർ ചേർന്ന് റോഡ് നിർമാണ നടപടികൾക്കായി കൂട്ടായ്മ രൂപീകരിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നാട്ടുകാർ എല്ലാവരും കൂട്ടായ്മയുടെ സമൂഹമാധ്യമ ഗ്രൂപ്പിൽ അംഗങ്ങളാണ്. നിർമാണ പദ്ധതികൾ നടപ്പാക്കും വരെ ഒറ്റക്കെട്ടായി അണിനിരക്കാനാണ് നീക്കം.
നാട്ടുകാർ ചേർന്നുള്ള കൂട്ടായ്മയുടെ ആദ്യ യോഗം ഇന്നു 11.30നു പശ്ചിമ പന്തുകളം അശോക ക്ലബ്ബിൽ നടക്കുമെന്ന് കൂട്ടായ്മ രൂപീകരിച്ച പ്രദേശവാസിയായ അഖിലേഷ് എം.ബാബു അറിയിച്ചു. പഞ്ചായത്തംഗങ്ങളായ സിനിമോൾ തടത്തിലിനെ അധ്യക്ഷയായും ജാൻസി തൊട്ടിപ്പാട്ടിനെ കൺവീനറായും തിരഞ്ഞെടുത്തിരുന്നു.
∙ മുണ്ടക്കയം, കോരുത്തോട് എന്നീ രണ്ട് പഞ്ചായത്ത് പ്രദേശങ്ങളിലൂടെ റോഡ് കടന്നു പോകുന്നു.
∙ പശ്ചിമ പോലെയുള്ള ആദിവാസി മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയം.
∙ റോഡിന്റെ ശോചനീയാവസ്ഥ മൂലം പല തവണ ബസ് സർവീസ് നിർത്താൻ തീരുമാനിച്ചെങ്കിലും നഷ്ടം സഹിച്ചും ബസുകൾ സർവീസ് തുടരുന്നു.
∙ രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങൾ ചേർന്ന് ഇടയ്ക്കിടെ റോഡിലെ കുഴികൾ മണ്ണിട്ട് നികത്തുന്നത് ആശ്വാസം.
∙ സ്വകാര്യ വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതിനാൽ കോരുത്തോട് റൂട്ടിലൂടെയും പുഞ്ചവയൽ വഴിയുമാണ് ജനങ്ങളുടെ യാത്ര.
∙ റോഡ് നവീകരിച്ചാൽ ശബരിമല സീസണിൽ കോരുത്തോട്, എരുമേലി റോഡുകളിൽ തിരക്ക് വർധിക്കുമ്പോൾ ശബരിമല തീർഥാടക വാഹനങ്ങൾ കടത്തിവിടാൻ കഴിയും.
സാധാരണ ജനങ്ങളുടെ ആശ്രയം