അപകട റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു ; മേരി ക്യുൻസ് ആശുപത്രിക്കും ഒന്നാം മൈലിനും ഇടയിലുള്ള ഒരു കിലോമീറ്റർ ദൂരം അങ്ങേയറ്റം അപകടമേഖല

കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ അപകടങ്ങൾ പതിവായതോടെ മുൻകരുതൽ എടുക്കുവാൻ അധികാരികൾ. 26–ാം മൈലിനും ഒന്നാം മൈലിനും ഇടയിലുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രം കഴിഞ്ഞ 4 മാസത്തിനിടെ ഉണ്ടായതു പത്തോളം അപകടങ്ങളാണ്. ഇതിൽ 3 പേരുടെ ജീവൻ നഷ്ടമായി. ഇതിൽ 2 പേരും ഇരുചക്ര വാഹനയാത്രികരായിരുന്നു.

വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിയാണു മരിച്ചത്. വലിയ വളവുകളില്ലാതെ നേരെയുള്ള ഈ ഭാഗത്തു വാഹനങ്ങളുടെ അമിതവേഗവും മറ്റു വാഹനങ്ങളെ മറികടക്കാനുള്ള ശ്രമവുമാണു പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്. പാതയോരങ്ങളിലെ കാടും മറ്റു ഗതാഗത തടസ്സങ്ങളും നീക്കാത്തതും അപകടങ്ങൾക്കു കാരണമാകുന്നു.

ഒരു മാസം മുൻപ് ഇതേ റോഡിൽ കുറുവാമൂഴിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. മണ്ഡലകാലത്തു കുറുവാമൂഴിയിൽ തീർഥാടകരുടെ ബസിടിച്ചു കാൽനട യാത്രികൻ മരിച്ച സംഭവമുണ്ടായി. റോഡിന്റെ വശങ്ങളിൽ കാട് വളർന്നു നിൽക്കുന്നതും സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും റോഡിനു വീതി കൂട്ടിയപ്പോൾ റോഡിലായ മരങ്ങൾ വെട്ടിമാറ്റാത്തതും അപകടങ്ങൾക്കു കാരണമാകുന്നു.

കുളപ്പുറത്തിനും മലബാർ കവലയ്ക്കും ഇടയിലുള്ള വളവ്, കൂവപ്പള്ളിക്കും നാലാം മൈലിനും ഇടയിലുള്ള വളവുകളും ഇറക്കവും, മണങ്ങല്ലൂരിലും കുറുവാമൂഴിക്കും ഇടയിലുള്ള 5–ാം മൈൽ പറപ്പള്ളി വളവ് ഉൾപ്പെടെയുള്ള വളവുകൾ, എന്നിവ അപകട സാധ്യതയേറിയ സ്ഥലങ്ങളാണ്. കാഞ്ഞിരപ്പള്ളി– എരുമേലി റോഡിൽ നിന്നും പൊൻകുന്നം റോഡിലേക്കു തിരിയുന്ന കുറുവാമൂഴി ജംക്‌ഷനിൽ ഡിവൈഡർ ഇല്ലാത്തതും മണ്ഡലകാലത്ത് അപകടങ്ങൾക്കിടയാക്കുന്നു.

കഴിഞ്ഞ ദിവസം എൻജിനീയറിങ് വിദ്യാർഥി മരിച്ച അപകടത്തെ തുടർന്നു റോ‍ഡിൽ മുന്നറിയിപ്പു ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു.ഇതേ തുടർന്നു ശനിയാഴ്ച പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. അപകട വളവുകളുണ്ടെന്ന മുന്നറിയിപ്പ്, ഓരോ സ്ഥലങ്ങളിൽ വാഹനങ്ങളുടെ വേഗം സൂചിപ്പിക്കുന്ന ബോർഡുകൾ, ഓവർടേക്കിങ് പാടില്ലാത്ത സ്ഥലങ്ങൾ തുടങ്ങിയ ബോർഡുകളാണു കാഞ്ഞിരപ്പള്ളി– എരുമേലി റോഡിൽ സ്ഥാപിച്ചത്.

error: Content is protected !!