ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തെ വഴിവിളക്കുകളിൽ ഏറെയും തകരാറിൽ.

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയിലെ വഴിവിളക്കുകളിൽ ഏറെയും തകരാറിൽ. കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തെ വഴിവിളക്കുകളാണ് പ്രവർത്തനരഹിതമായത്. തെളിയുന്നവയാകട്ടെ രാവും പകലും തെളിഞ്ഞു കിടക്കുകയാണ്. പ്രധാന ജംക്‌ഷനുകളിലും ആവശ്യത്തിനു വെളിച്ചമില്ല.

റോഡിൽ വെളിച്ചമില്ലാത്തത് രാത്രിയാത്രികരെ ദുരിതത്തിലാക്കി. രാത്രി സമയങ്ങളിൽ പോലും തേക്കടി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവർക്ക് അത്യാവശ്യത്തിനു പാർക്ക് ചെയ്യാൻ പോലും പാതയോരങ്ങളിൽ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. എതിരെ കടന്നുപോകുന്ന വാഹനങ്ങൾ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ വരുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു.

കഴിഞ്ഞ ദിവസം ചോറ്റി നിർമലാരം ജംക്‌ഷനു സമീപമുള്ള വളവിൽ എതിരെ വന്ന വാഹനത്തിന്റെ അമിത പ്രകാശം മൂലം മുണ്ടക്കയം ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് ടാറിങ്ങിനു പുറത്തു പാതയോരത്തെ കാട്ടിലേക്കു ചാടി. പാറത്തോട് മുതൽ വെളിച്ചിയാനി വരെയും ചോറ്റി മുതൽ പൈങ്ങണ വരെയും പാതയിൽ പലയിടങ്ങളും ഇരുട്ടിലാണ്. മഴക്കാലമെത്തിയതോടെ നേരത്തേ വെളിച്ചം മങ്ങും. ദേശീയപാതയുടെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കാടുകളും കൂട്ടിയിട്ടിരിക്കുന്ന തടികളും അപകടസാധ്യത വർധിപ്പിക്കുന്നു .

error: Content is protected !!