ഹൈറേഞ്ചിന്റെ ഹരിതഭംഗി ആസ്വദിക്കുവാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം മൺസൂൺ യാത്ര 30ന്
എരുമേലി ∙ മഞ്ഞും മലകളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ചിന്റെ ഹരിതഭംഗി ആസ്വദിച്ചു സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയിലൂടെ ഒരു മൺസൂൺ യാത്ര. അതും 830 രൂപയ്ക്ക്. കെഎസ്ആർടിസി എരുമേലി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണു യാത്ര സംഘടിപ്പിക്കുന്നത്. എരുമേലി ഡിപ്പോയിൽ നിന്നു 30നു രാവിലെ 4.45നു പുറപ്പെടുന്ന ചതുരംഗപ്പാറ ട്രിപ്പാണു ഒരുക്കിയിരിക്കുന്നത്.
ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, കല്ലാർകുട്ടി ഡാം, പൊൻമുടി ഡാം, എസ്എൻ പുരത്തെ റിപ്പിൾ വാട്ടർ ഫാൾസിലെ സാഹസിക ടൂറിസം, കണ്ണിമാലി വ്യൂ പോയിന്റ്, പൂപ്പാറ വഴി കാറ്റിന്റെ കോട്ടയായ ചതുരംഗപ്പാറയിലെത്തും.
അവിടെ തമിഴ്നാടിന്റെ ആകാശക്കാഴ്ചകളും കണ്ട് അരിക്കൊമ്പന്റെ ആവാസ കേന്ദ്രമായിരുന്ന ആനയിറങ്കൽ ഡാമിലെത്തും. തുടർന്നു കേരളത്തിലെ മനോഹരമായ റോഡുകളിൽ ഒന്നായ മൂന്നാർ ഗ്യാപ് റോഡിലൂടെ ലോക്ക് ഹാർട്ട്‌വ്യൂ, റോക്ക് കേവ് എല്ലാം കണ്ടു സന്ധ്യ മയങ്ങുമ്പോൾ തിരിച്ച് എരുമേലിയിലേക്കു തിരിക്കും. ബുക്കിങ്ങിന് ഫോൺ: 9447287735, 9061592069