ഇളങ്ങുളം ക്ഷേത്രത്തിൽ നടപ്പന്തൽ നിർമിക്കുന്നു
പൊൻകുന്നം ∙ ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ നാട്യമണ്ഡപത്തോടു കൂടിയ നടപ്പന്തൽ നിർമാണം ആരംഭിച്ചു. പൗരാണിക രീതിയിൽ 38 അടി വീതിയും 25 അടിയിലേറെ ഉയരവും 120 അടിയോളം നീളവും വരുന്ന നടപ്പന്തലാണു പണിയുന്നത്. നടപ്പന്തൽ പൂർത്തിയാകുന്നതോടെ രാമായണ പാരായണം, നവരാത്രി ആഘോഷങ്ങൾ, ആലങ്ങാട്ട് സംഘത്തിന്റെ പാനകപൂജ, കൂടാതെ ക്ഷേത്രകലകൾ, സപ്താഹം, ഉത്സവ ദിവസങ്ങളിലെ എഴുന്നള്ളിപ്പ് തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. നാട്യമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും ശിലാസ്ഥാപനം മേൽശാന്തി കിഴക്കേയിൽ ഇല്ലം അനിൽ നമ്പൂതിരി നിർവഹിച്ചു. കീഴ്ശാന്തി കെ.എം.ഹരിപ്രസാദ് സഹകാർമികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് കെ.വിനോദ് മുളയ്ക്കൽ, സെക്രട്ടറി ഡി.കെ.സുനിൽകുമാർ കാഞ്ഞിരമുറ്റം, അസിസ്റ്റന്റ് സെക്രട്ടറി എം.പി.കേശവൻ നായർ എന്നിവർ നേതൃത്വം നൽകി.