വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നതുൾപ്പെടെ ബസ് ജീവനക്കാർക്കും ഉടമകൾക്കും 14 ഇന നിർദേശങ്ങളുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
പൊൻകുന്നം: നിലനില്പിനായി പോരാടുന്ന സ്വകാര്യബസ് സർവീസുകൾ കാര്യക്ഷമമായെങ്കിലേ വരുമാനവർധനവും വിജയകരമായ നടത്തിപ്പുമുണ്ടാവൂ എന്ന് ഉടമകളുടെ സംഘടനയായ സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ്. സ്വകാര്യബസ് സർവീസിനെ ജനങ്ങൾക്കിഷ്ടപ്പെടും വിധമാക്കാൻ 14 ഇന നിർദേശങ്ങൾ ബസ് ജീവനക്കാർക്കും ഉടമകൾക്കുമായി അസോസിയേഷൻ നൽകി. അച്ചടിച്ച നിർദേശങ്ങൾ ജീവനക്കാർക്കും ഉടമകൾക്കും വിതരണം ചെയ്തു.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി സ്റ്റാൻഡുകളിൽ പാലിക്കേണ്ട പാർക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഉടമകളുടെയും ജീവനക്കാരുടെയും ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറണം. സ്റ്റാൻഡുകളിൽ സമയത്തെ ചൊല്ലി തർക്കവും സംഘർഷവും പാടില്ലെന്നും യാത്രക്കാരോടും മറ്റ് ബസ്സുകാരോടും സഭ്യമായി മാത്രം സംസാരിക്കണമെന്നും ഓർമിപ്പിച്ചു.
സ്റ്റാൻഡുകളിൽ ഗതാഗത തടസ്സമുണ്ടാകാകെ പാർക്ക് ചെയ്യണം. ഇതിനായി പരമാവധി പിന്നിലേക്കൊതുക്കി പാർക്ക് ചെയ്യണം. ജീവനക്കാർ നിർബന്ധമായും യൂണിഫോം ധരിക്കണം. അവധി ദിനത്തിൽ യൂണിഫോമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുണ്ടെന്നും അത് അനുവദനീയമല്ലെന്നും നിയമം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. ബസിന്റെ ആർ.സി., പൊലൂഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ലൈസൻസ് തുടങ്ങി ആവശ്യമായ എല്ലാ രേഖകളും കരുതുകയും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനയ്ക്ക് നൽകുകയും വേണം.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകി. സ്വന്തം സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഓർമിക്കണം. ട്രിപ്പുകൾ കട്ട് ചെയ്യരുതെന്നും അംഗീകൃത സ്റ്റോപ്പുകളിൽ ബസ് നിർത്തണമെന്നും ഓർമിപ്പിക്കുന്നുണ്ട്. ബസ്സിലെ മാലിന്യങ്ങൾ തൂത്തുവാരി സ്റ്റാൻഡിൽ തള്ളുന്ന രീതി അരുതെന്നും നിർദേശമുണ്ട്. മത്സരഓട്ടം പാടില്ലെന്നും നിർദേശിച്ചു. ഏതെങ്കിലും കാരണവശാൽ ട്രിപ്പ് കട്ട് ചെയ്താൽ ബസ്സുകൾ സ്റ്റാൻഡിലിടരുതെന്നും പുറത്ത് സ്ഥലം കണ്ടെത്തണമെന്നും നിർദേശിച്ചു. അരമണിക്കൂറിൽ കൂടുതൽ സമയം പുറപ്പെടാനുണ്ടെങ്കിൽ അത്തരം ബസ്സുകളും സ്റ്റാൻഡിലെ സ്ഥലം അപഹരിക്കാതെ പുറത്തിടണം. സ്റ്റാൻഡിൽ ഗതാഗതക്കുരുക്കുണ്ടാകാതെയും ശ്രദ്ധിക്കണം.