കാഞ്ഞിരപ്പള്ളിയുടെ അഭിമാനം .. ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻ പി. എസ്. ജോൺ (പൂവത്തിങ്കൽ മട്ടയ്ക്കൽ സ്കറിയ ജോൺ) ഓർമ്മയായി . ആദരാഞ്ജലികൾ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ അഭിമാനം വാനോളം ഉയർത്തിയ പാറത്തോട് സ്വദേശി പി എസ് ജോൺ (97) മട്ടയ്ക്കൽ അന്തരിച്ചു.
പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ ആയിരുന്ന ജോൺ സാർ ലോകപ്രശസ്തനായ ഒരു മാസ്റ്റേഴ്സ് അത്ലറ്റാണ്. വാർദ്ധക്യത്തിലും കായികരംഗത്ത് സജീവമായി തുടർന്ന അദ്ദേഹം, പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ലോകത്തിനു തെളിയിച്ചുകൊടുത്ത മഹത് വ്യക്തിത്വമാണ്.
2015 – ൽ ഫ്രാൻസിലെ ലിയോണിൽ നടന്ന ഇരുപത്തി ഒന്നാമത് ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, എൺപത്തി അഞ്ചാം വയസ്സിൽ 2 സ്വർണ്ണ മെഡലുകളും (200 മീറ്റർ, 80 മീറ്റർ ഹർഡിൽസ്), 1 വെങ്കല മെഡലും (ലോങ് ജമ്പ്) അദ്ദേഹം സ്വന്തമാക്കി. ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏഷ്യ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഓർഗനൈസേഷൻ അദ്ദേഹത്തെ 2015-ലെ മികച്ച ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റായി തെരഞ്ഞെടുത്തു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിലായി 158- മെഡലുകൾ (90-ലധികം സ്വർണ്ണം ഉൾപ്പെടെ) അദ്ദേഹം നേടിയിട്ടുണ്ട്. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച്, 90 വയസ്സ് കഴിഞ്ഞവരുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ഓടി സ്വർണം നേടിയിരുന്നു . ജോൺ സാർ ഒരു ലോക ചാമ്പ്യൻഷിപ്പിലും , നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 2016 – ൽ Best Asian Masters Athlete ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
2019 – ൽ ഇന്ത്യ ഗവൺമെന്റ് രാജ്യത്താകെ നിന്നും തിരഞ്ഞെടുത്ത 32 FIT INDIA ICONS ൽ ഒരാൾ ജോൺ സാർ ആയിരുന്നു. നാഷണൽ സ്പോർട്സ് ഡേ ദിനത്തിൽ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്ത നേരിട്ട് അഭിനന്ദിച്ചിരുന്നു. 2022 -ൽ കേരളാ സർക്കാർ വയോസേവന അവാർഡ് നൽകി ജോൺ സാറിനെ ആദരിച്ചിരുന്നു.
കേരളത്തിലെ ആദ്യത്തെ എൻ സി സി ബറ്റാലിയൻ അംഗമായിരുന്നു അദ്ദേഹം. തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്നും സംസ്കൃതത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ അദ്ദേഹം മികച്ച ഒരു അധ്യാപകൻ ആയിരുന്നു . പുലർകാലേ ചിട്ടയായ പരിശീലനത്തിലൂടെ അദ്ദേഹം നേടിയെടുത്ത മെഡലുകൾ പുത്തൻ തലമുറയ്ക്ക് ഏറെ മാതൃകയാണ്. ഒരു മികച്ച കർഷകനും കൂടിയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ജോൺ സാർ .
മൃതദേഹം വ്യാഴം (22-10-2026) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച (23-10-2026) രാവിലെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടക്കയം ബെഥേൽ മാർത്തോമാ പള്ളിയിൽ.
ഭാര്യ: അന്നമ്മ ജോൺ (പാറത്തോട് താഴത്തുപറമ്പിൽ കുടുബാംഗം )
മക്കൾ: റോയി, മിനി (സിന്ധു – ചെന്നൈ)
മരുമക്കൾ: ജയ, (കോഴഞ്ചേരി കുറിയന്നൂർ എണ്ണിയ്ക്കാട്ട് കുടുംബാംഗം), സേവ്യർ (ചെന്നൈ)
