KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ജുമാ മസ്ജിദ് ഇമാം അബ്ദുൽ കരീം മൗലവി (104) അന്തരിച്ചു : സർക്കാർ ബഹുമതിയോടെ വിട നൽകി.

എരുമേലി : കേരളത്തിലെ ഇസ്ലാമിക മതപണ്ഡിതരിൽ പ്രമുഖനും, മതസൗഹാർദ്ദത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും നിറസാന്നിധ്യവു മായിരുന്ന, 68 വർഷമായി എരുമേലി ജുമാ മസ്ജിദ് ഇമാമായിരുന്ന എരുമേലി താഴത്തുവീട്ടിൽ ഹാജി ടി. എസ്. അബ്ദുൽ കരീം മൗലവി എംഎഫ്ബി (104) അന്തരിച്ചു.

സർക്കാർ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച വൈകുന്നേരം എരുമേലി നൈനാർ ജുമാ മസ്ജിദിൽ നടന്ന ഖബറടക്കത്തിൽ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കോട്ടയം ജില്ലാ പോലിസ് മേധാവി സാബു മാത്യുവിന്റെ നേതൃത്വത്തിൽ ഖബറടക്ക സമയത്ത് ഔദ്യോഗിക ബഹുമതിയായി ബ്യൂഗിൾ സല്യൂട്ട് നൽകി ആദരവർപ്പിച്ചു.

പ്രായാധിക്യ അവശതകളെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എരുമേലിയിലെ സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തമിഴ്നാട്ടിലെ പ്രശസ്തമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജിൽ നിന്നാണ് ഇസ്ലാമിക പഠനത്തിൽ എംഎഫ്ബി ബിരുദം നേടിയത്. വിദ്യാഭ്യാസ കാലം മുതൽ ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം കോൺഗ്രസ് അനുഭാവിയും അടിയുറച്ച പ്രവർത്തകനുമായിരുന്നു. സി. കേശവൻ, ടി. എം. വർഗീസ്, പട്ടം താണുപിള്ള തുടങ്ങിയ സ്വാതന്ത്ര്യ സമര നേതാക്കൾ എരുമേലിയിൽ എത്തിയപ്പോൾ പിതാവിനോടൊപ്പം സഹനവും അഹിംസയും മുൻനിറുത്തിയുള്ള സമരപരിപാടികളിൽ അബ്ദുൽ കരീം മൗലവി പങ്കെടുത്തിരുന്നു.

എരുമേലി നൈനാർ ജുമാ മസ്ജിദിൽ ഇമാമായിരുന്ന പിതാവ് സൈനുദ്ദീൻ ലബ്ബയുടെ വിയോഗത്തെ തുടർന്ന് 1948 ൽ ആണ് ടി എസ് അബ്ദുൽ കരീം മൗലവി ഇമാമായി ചുമതലയേൽക്കുന്നത്. തുടർന്ന് 68 വർഷത്തോളം ഇമാം സ്ഥാനത്ത് തുടർന്നതോടെ ദീർഘ കാലം ഒരേ മസ്ജിദിൽ ഇമാം സ്ഥാനം വഹിച്ചതിന്റെ അപൂർവ നേട്ടമായി മാറി.

മതമൈത്രിയുടെ പേരിൽ ശ്രദ്ധാ കേന്ദ്രമായ എരുമേലി പട്ടണത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന മിക്കവാറും എല്ലാം പൊതുചടങ്ങുകളിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. 1954–ൽ അദ്ദേഹം സൈനബയെ വിവാഹം കഴിച്ച അദ്ദേഹത്തിന്‌ രണ്ട് മക്കളാണ് ഉള്ളത്. ഇന്ത്യൻ റെയിൽവേയിൽ സീനിയർ ഉദ്യോഗസ്ഥനായി വിരമിച്ച റഹ്മത്തുള്ളയാണ് അദ്ദേഹത്തിന്റെ മൂത്ത മകൻ. മകൾ സക്കീന.

എരുമേലി മേഖലയിലെ ലജ്നത്തുൽ മുഅല്ലിമീൻ രക്ഷാധികാരിയായും കോട്ടയം ജില്ലാ മുൻ പ്രസിഡന്റായും അദ്ദേഹം നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. പ്രദേശത്തെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ മികച്ചൊരു പണ്ഡിതനും വഴികാട്ടിയുമായിരുന്നു അദ്ദേഹം.

എരുമേലി മാളികവീട് കുടുംബാംഗം സൈനബയാണ് ഭാര്യ.
മക്കൾ: ടി.എ. റഹ്‌മത്തുള്ള, സക്കീന. മരുമക്കൾ: ഹബീബാ മാളികവീട്, അൻസാരി അതിരമ്പുഴ.

error: Content is protected !!