കേരളം നടുങ്ങിയ അമ്പൂരി ദുരന്തത്തിന് കാൽ നൂറ്റാണ്ട്.. കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുബത്തിന് നഷ്ടമായത് വിലപ്പെട്ട പത്ത് ജീവനുകൾ..

കാഞ്ഞിരപ്പള്ളി : 2001 നവംബർ ഒൻപത് വെള്ളിയാഴ്ച. കേരളം മുഴുവൻ നടുങ്ങിയ രാത്രിയായിരുന്നു അത് . കാഞ്ഞിരപ്പള്ളി ഞെട്ടിത്തരിച്ച രാത്രി ..കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുബത്തിൽ നിന്നും പത്തു പേർ ഉൾപ്പെടെ 39 പേരുടെ ജീവനുകളെടുത്ത അമ്പൂരി ദുരന്തം നടന്ന ദിവസമാണ് അത് . ഒരു കുടുംബത്തിൽ ഒരാളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ ഉരുൾപൊട്ടലുണ്ടായിട്ട് കാൽ നൂറ്റാണ്ട് പൂർത്തിയായി . തിരുവനന്തപുരം ജില്ലയിലെ, നെയ്യാർഡാമിനും അമ്പൂരിക്കും മധ്യേ കുരിശുമലയുടെ അടിവാരത്തുള്ള പൂച്ചമുക്കിലുണ്ടായ ഭീകരമായ ഉരുൾപൊട്ടലിലാണ് ഒരു കുടുബത്തിലെ 25 പേർ ഉൾപ്പെടെ 39 പേർക്ക് ജീവൻ നഷ്ടപെട്ടത്.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ രണ്ട് കുടുബ കല്ലറകളിലായി, ചൂഴിക്കുന്നേൽ കുടുബത്തിലെ ആറുപേർ സംസ്കരിക്കപ്പെട്ടതിന്റെ ഓർമയ്ക്കായി ചൊവ്വാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ കുർബാനയും, കല്ലറയിൽ ഒപ്പീസും നടത്തി. മരണപ്പെട്ട പത്തുപേരിൽ രണ്ടുപേർ എരുമേലി പഴയ കൊരട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലും, രണ്ടുപേർ പാലായിലെ പള്ളി സെമിത്തേരിയിലുമാണ് അടക്കം ചെയ്യപ്പെട്ടത് .
കാഞ്ഞിരപ്പള്ളി ചൂഴിക്കുന്നേൽ ജോഷി, സഹോദരൻ ജോർജ്കുട്ടി, ഭാര്യ ബെറ്റി, മക്കളായ തൊമ്മച്ചൻ, വർക്കിച്ചൻ, ഔസേപ്പച്ചൻ, ജോഷിയുടെ സഹോദരി എരുമേലി പഴയ കൊരട്ടി ഉറുമ്പിൽ ജാൻസി, മകൻ ജിത്തുകുട്ടൻ, പാലാ കൊടുപ്പുന്ന പോളയ്ക്കൽ ജോയമ്മ, മകൾ ചിന്നുക്കുട്ടി എന്നിവരാണ് ചൂഴിക്കുന്നേൽ കുടുബത്തിൽ നിന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ. പിതൃസഹോദരീപുത്രന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുവാൻ പോയവരാണ് അപ്രതീക്ഷിത ഉരുൾപൊട്ടലിൽ പെട്ടത് . അവർ അമ്പൂരിയിൽ താമസിച്ച വീട്ടിൽ നിന്നും 25 പേരാണ് മരണപ്പെട്ടത്. ആ വീട്ടിലെ കുടുബനാഥൻ സി. ഡി. തോമസ് മാത്രം ജീവനോടെ ശേഷിച്ചു.
2001 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ, നെയ്യാർഡാമിനും അമ്പൂരിക്കും മധ്യേ കുരിശുമലയുടെ അടിവാരത്തുള്ള പൂച്ചമുക്കിലുണ്ടായ ഭീകരമായ ഉരുൾപൊട്ടലിൽ 39 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. അത് തകർത്തത് സിഡി.തോമസ് എന്ന അൻപത്തിരണ്ടുകാരന്റെ കുടുംബത്തെ മുഴുവനാണ്. ഭാര്യ മകൻ, മകൾ, മരുമകൻ, രണ്ടുപേരമക്കൾ എന്നിവരും മകന്റെ മനസ്സമ്മതംകൂടാനെത്തിയ അടുത്ത ബന്ധുക്കളേയും കണ്മുന്നിൽ ദുരന്തം കൊണ്ടുപോയി. കാഞ്ഞിരപ്പള്ളി, എടത്വ, എരുമേലി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ബന്ധുക്കൾ വീട്ടിൽ ഒത്തുകൂടിയിരുന്നു. 25 പേരാണ് സി ഡി തോമസിന്റെ കുടുംബത്തിൽ മാത്രം മരണപ്പെട്ടത് . തോമസ് മാത്രം ശേഷിച്ചു.
സമീപത്തെ അശോകൻ, ടൈറ്റസ്, ത്രസീന എന്നിവരുടെ വീടുകളിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ 39 പേരാണ് ദുരന്തത്തിൽ മരിച്ചത്.
കുടിയേറ്റ ഗ്രാമമാണ് അമ്പൂരി. മലഞ്ചരിവിൽ ഉണ്ടായിരുന്ന നീരുറവ തടസ്സപ്പെടുത്തി വീടുകൾ നിർമിച്ചതാണ് വെള്ളപ്പാച്ചിലിന് വഴിവച്ചത്. പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടത്തെ ഖനന പ്രവർത്തനങ്ങളും ദുരന്തത്തിന് കാരണമായി.
