ശബരിമല കാനനപാതയിൽ വനംമന്ത്രി സന്ദർശനം നടത്തി ; ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി

എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയിലെ പ്രധാന ഇടത്താവളങ്ങളായ കോയിക്കൽകാവ്, കാളകെട്ടി, അഴുതക്കടവ് എന്നിവിടങ്ങളിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശനം നടത്തി. ശനിയാഴ്ച രാവിലെ ആണ് എരുമേലിയിൽ ശബരിമല പരമ്പരാഗത കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ എത്തിയത്.
അയ്യപ്പഭക്തർക്കായി വനംവകുപ്പ് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സീസണിനോടനുബന്ധിച്ച് അധികമായി വിന്യസിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും മന്ത്രി നേരിട്ട് പരിശോധിച്ചു. . കുടിവെള്ളമില്ലന്ന് തീർത്ഥാടകർ മന്ത്രിയോട് പരാതിപ്പെട്ടു . ജലക്ഷാമം മൂലമാണ് വെള്ളം ലഭിക്കാത്തത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് പറ്റില്ലന്നും നിർബന്ധമായി കുടിവെള്ളത്തിന് സംവിധാനം ഒരുക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. നിലവിൽ കോയിക്കക്കാവിൽ കുടിവെള്ള വിതരണത്തിന് 2000 ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് ഉള്ളത്. വനത്തിലെ കാട്ടുചോലയിൽ നിന്നാണ് ഈ വെള്ളം എടുക്കുന്നത്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് വെള്ളം നൽകണമെന്നും അയ്യായിരം ലിറ്റർ സംഭരണ ശേഷി ഉള്ള ടാങ്ക് അടിയന്തിരമായി സ്ഥാപിക്കണമെന്നും മന്ത്രി നിർദേശിച്ചു.
രാവിലെ ഏഴുമണിയോടെ പ്രദേശത്തെത്തിയ മന്ത്രി ഒരുമണിക്കൂറിലധികം വിവിധ കേന്ദ്രങ്ങളിൽ ചെലവഴിച്ചു. കാനനപാതയിലൂടെ കടന്നുപോകുന്ന തീർത്ഥാടകരുടെ സുരക്ഷ, വിശ്രമ സൗകര്യങ്ങൾ, വനംവകുപ്പിന്റെ സേവന സജ്ജീകരണങ്ങൾ എന്നിവ വിലയിരുത്തിയായിരുന്നു സന്ദർശനം. തീർത്ഥാടനകാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും അവർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സംബന്ധിച്ചും മന്ത്രി വിവരങ്ങൾ തേടി.
പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് പുളിക്കൻ, വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രതീഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, മറ്റ് ജനപ്രതിനിധികൾ, വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
സന്ദർശനത്തിനുശേഷം മന്ത്രി പമ്പയിലേക്ക് തിരിച്ചു. തുടർന്ന് പൂഞ്ഞാർ എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുക്കുഴി സന്ദർശിച്ച് അവിടത്തെ തീർത്ഥാടക സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.
ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഭാഗമായ കാനനപാതയിൽ ഭക്തർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും വനംവകുപ്പിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
