എലിക്കുളത്ത് നെല്ലിന് വളം തളിക്കാൻ ഡ്രോണുകളെത്തി.

കാഞ്ഞിരപ്പള്ളി : എലിക്കുളം ഗ്രാമ പഞ്ചായത്തിലെ കാപ്പുകയം, കോക്കാട്ട് പാടശേവരങ്ങളിൽ നെല്ലിന് വളം തളിയ്ക്കാൻ ഡ്രോണുകളെത്തി .
പുതുകാല വളങ്ങളായ നാനോ യൂറിയ പോലുള്ളവയാണ് ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നത് . പത്തു ലിറ്ററാണ് ഡ്രോണിന്റെ സംഭരണശേഷി . ഏക്കറിന് അറുനൂറ്റി അൻപത് രൂപ കൂലി ചെലവായി വരും.
തൊഴിലാളിക്ഷാമവും അമിതമായ കൂലി ചെലവും മൂലം നാമാവശേഷമായ നെൽകൃഷി എട്ടു വർഷങ്ങൾക്ക് മുൻപാണ് ആധുനിക കാർഷിക യന്ത്രങ്ങളുടെ സഹായം ഉപയോഗിച്ചു കൊണ്ട് പുനരാരംഭിച്ചത് . നിലമൊരുക്കലും കൊയ്ത്തും മെതിയുമെല്ലാം പൂർണ്ണമായും യന്ത്രവത്ക്കരിച്ചതോടെ കൃഷി ലാഭകരമായി . കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും അകമഴിഞ്ഞ സഹായം കൂടെയായപ്പോൾ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെൽപ്പാടത്തിന്റെ വിസ്‌തൃതി നാൽപ്പത്തിരണ്ടേക്കറിലേക്കുയർന്നു. വരും വർഷങ്ങളിൽ വിതയും വളപ്രയോഗവുമെല്ലാം പൂർണ്ണമായും യന്ത്രസഹായത്തോടെയാകും നടത്തുകയെന്ന് പാടശേഖര സമിതി ഭാരവാഹികളായ ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, മാത്യു കോക്കാട്ട്, ഔസേപ്പച്ചൻ ഞാറയ്ക്കൽ എന്നിവർ പറഞ്ഞു.
നെൽകൃഷി വ്യാപിപ്പിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷിയിട ടൂറിസം പദ്ധതികളുമായി നെൽകൃഷിയെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും പാടശേഖരം സന്ദർശിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് , ഗ്രാമ പഞ്ചായത്തംഗം ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ്റോയ് എന്നിവർ അറിയിച്ചു.
