എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് 12 പശുക്കൾ കൂട്ടത്തോടെ ചത്തു.

എരുമേലി : ഇടിമിന്നൽ ആഘാതത്തിൽ എട്ട് പശുക്കൾ ഉൾപ്പടെ 12 നൽക്കാലികൾ ചത്തു. എരുമേലിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിൽ ആണ് സംഭവം. ബുധനാഴ്ച രാവിലെ എസ്റ്റേറ്റിൽ റബർ ടാപ്പ് ചെയ്യാൻ വന്ന തൊഴിലാളികൾ ആണ് വളർത്തു മൃഗങ്ങൾ ചത്തുകിടക്കുന്നത് കണ്ടത്. മൃഗ സംരക്ഷണ വകുപ്പിൽ നിന്ന് ഡോക്ടർമാർ എത്തി ജഡം പരിശോധിച്ച ശേഷം കാഞ്ഞിരപ്പള്ളി തഹസീൽദാർ സുനിൽ കുമാർ, ജനപ്രതിനിധികൾ, പോലിസ് ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം എസ്റ്റേറ്റിൽ മറവു ചെയ്തു.
മരണ കാരണം മിന്നൽ ആഘാതം ആണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം തീവ്രമായ തോതിൽ മഴ പെയ്തതിനൊപ്പം അതിശക്തമായ ഇടിമിന്നൽ തുടർച്ചയായുണ്ടായിരുന്നു. മൃഗങ്ങൾ ചത്തുകിടന്ന ഭാഗത്ത് റബർ മരത്തിന്റെ ചുവട്ടിൽ ഇടിമിന്നൽ ഏറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ട്. എസ്റ്റേറ്റിലെ ലിസി, രതീഷ് എന്നീ രണ്ട് തൊഴിലാളികൾ വളർത്തിയിരുന്നവയാണ് ചത്ത മൃഗങ്ങൾ. എട്ട് പശുക്കൾ എസ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന ലിസി എന്ന തൊഴിലാളിയുടെ ആണ്. ഇതിൽ നാലെണ്ണം ഗർഭിണികൾ ആയിരുന്നെന്ന് ലിസി പറഞ്ഞു. മൃഗങ്ങൾക്ക് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് ഉടമകൾ പറഞ്ഞു.
