KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. “വോട്ടുചോരി, സ്വജനപക്ഷപാതം, അഴിമതി”.. പ്രതിപക്ഷ ആരോപണങ്ങൾ നിരവധി.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ പഞ്ചായത്തിൽ രാഷ്ട്രീയം കലുഷിതമായിരിക്കുകയാണ്. നിർമ്മാണം പൂർത്തിയായി പത്തുവർഷം കഴിഞ്ഞ ഒരു പ്രവാസിയുടെ കെട്ടിടത്തിന് കോടതി ഉത്തരവുണ്ടായിട്ടും പ്രവർത്തനാനുമതി (ലൈസൻസ്) നൽകാത്ത നടപടി, പഞ്ചായത്തിൻ്റെ കാലഹരണപ്പെട്ട ഷോപ്പിംഗ് കോംപ്ലക്‌സ്‌ പൊളിച്ചുപണിയണമെന്ന ആവശ്യം, തെക്കേത്തുകവലയിലെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പുനർലേലം നടത്താതെ കരാർ തുടരാൻ നൽകിയതിലെ അഴിമതി എന്നിവ ഉയർത്തിക്കാട്ടി ബിജെ പി ശക്തമായ പ്രക്ഷോഭത്തിലും നിയമനടപടികളിലുമാണ്.

ഇതിനിടെയിലാണ് പഞ്ചായത്ത് ഭരണാസമതിക്കും സെക്രട്ടറിക്കുമെതിരെ
ചില ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയത്. ഇതോടെ പഞ്ചായത്ത് രാഷ്ട്രീയം കൂടുതൽ ചൂടുപിടിച്ചു. പൊൻകുന്നത്തെ ഒരു വ്യാപര സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധമായ പ്രശ്‌നത്തിൽ വ്യാപാരി വ്യവസായി സമതിയും രാഷ്ട്രീയ ആരോപണവുമായി രംഗത്തെത്തിയത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. അതിനിടെ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വോട്ടുചോരി ആരോപണവുമായി രണ്ടാം വാർഡിലെ  കോൺഗ്രസ്‌ സ്ഥാനാർത്ഥി എത്തിയത് വിവാദമായി . തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായി വ്യാജ വോട്ടർമാരെ നിലനിർത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിന്നെന്ന ഗുരുതര ആരോപണവുമായി സ്ഥാനാർത്ഥി ഷിനി കിളിരുപ്പറമ്പിൽ രംഗത്ത്. വാർഡിൽ സ്ഥലമോ വാടകവീടോ പോലുമില്ലാത്ത 54 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതി സെക്രട്ടറി അട്ടിമറിച്ചതായാണ് ആരോപണം. ഹിയറിംഗിനുള്ള നോട്ടീസുകളിൽ തെറ്റായ മേൽവിലാസം രേഖപ്പെടുത്തി അയച്ചതിനാൽ കത്തുകൾ മടങ്ങി വരികയും ആരും ഹിയറിംഗിൽ പങ്കെടുക്കാതിരിക്കുകയും ചെയ്‌തു. തുടർന്ന് ഫോണിലൂടെ മാത്രം പേരിന് അന്വേഷണം നടത്തിയ സെക്രട്ടറി ഇവരെ വോട്ടർപട്ടികയിൽ നിലനിർത്തുകയായിരുന്നു. അനർഹരായവരെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിലനിർത്തുന്നതും വോട്ടു ചോരി തന്നെയാണെന്ന് അവർ പറഞ്ഞു. കളക്ടർക്ക് നൽകിയ പരാതിയിൽ ഇൻ്റേണൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ, പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 21 പ്രകാരമുള്ള ‘സാധാരണ താമസക്കാരൻ’ എന്ന നിർവചനം ലംഘിച്ചാണ് സെക്രട്ടറി ഇവരെ നിലനിർത്തിയതെന്ന് വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കാഞ്ഞിരപ്പള്ളി മുൻസിഫ്  കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും ഇതുസംബന്ധിച്ചു പരാതി നൽകിയിട്ടുണ്ടെന്നും കേസിനായി ഏതറ്റം വരെ പോകുമെന്നും അവർ വൃക്തമാക്കി.

പഞ്ചായത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ വൈരുദ്ധ്യവും ഇതോടൊപ്പം ചർച്ചയാവുകയാണ്. കഴിഞ്ഞ അഞ്ചു വർഷവും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ഇടതുപക്ഷ ഭരണസമിതി പഞ്ചായത്ത് ഭരിച്ചത് കോൺഗ്രസിൻ്റെ പിന്തുണയോടെയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ  ഉൾപ്പെടെ പങ്കിട്ടെടുത്ത് പരസ്പര ധാരണയിലാണ് ഇരുവരും ഭരണം നടത്തിയത്. നിലവിലും 22 അംഗങ്ങളിൽ 11 അംഗങ്ങൾ മാത്രമുള്ള ഇടതു പക്ഷം, നറുക്കെടുപ്പിലേക്ക് പോകാതെ വീണ്ടും ഭരണത്തിലേറിയത് കോൺഗ്രസിൻ്റെ മൗനസമ്മതത്തോടെയാണെന്നതാണ് കൗതുകകരമായ  വസ്തുത.

error: Content is protected !!