ദേശീയ പാതയിൽ ചോറ്റിയിൽ വാഹനങ്ങളുടെ കൂട്ടയിടി .. എട്ടോളം വാഹനങ്ങൾ അപകടത്തിൽ പെട്ടു, പത്തുപേർക്ക് പരുക്ക് ..

മുണ്ടക്കയം : ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റോഡിൽ, ചോറ്റിയിൽ എട്ടോളം വാഹനങ്ങൾ അപകടത്തിൽ പെട്ടു . ചോറ്റി ജംഗ്ഷനിൽ രാവിലെ 8.15 ഓടെയായിരുന്നു അപകടം നടന്നത് .അഞ്ച് കാറുകൾ, ഒരു ജീപ്പ്, ഒരു ഓട്ടോ റിക്ഷ, ഒരു സ്കൂട്ടർ എന്നിവയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടെങ്കിലും, ജീപ്പ് നിർത്താതെ ഓടിച്ചുപോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .
കൂട്ടിക്കൽ തേൻപുഴ സ്വദേശിയായ യുവാവ് ഓടിച്ച സെഡാൻ കാർ എതിരെവന്ന വാഹനത്തിൽ ഇടിക്കുകയും, തുടർന്ന് ഇരു വശത്തുനിന്നും പിറകെ വന്നിരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി തമ്മിൽ ഇടിക്കുകയും ആയിരുന്നു. യുവാവ് മനപൂർവ്വം അപകടം സൃഷ്ട്‌ടിച്ചതാണെന്ന് സൂചന. റോഡിരികൽ കൂടി നടന്നുപോയിരുന്ന ഒരു കുട്ടിയും അപകടത്തിൽ പെട്ടു. പരിക്കുപറ്റിയവരിൽ 3 വയസ്സുള്ള കുട്ടി ഉൾപ്പെടെ 8 പേരെ കാഞ്ഞിരപ്പള്ളി മേരീ ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ ചെറിയ പരുക്കുകൾ പറ്റിയ നാലുപേരെ പ്രഥമ ശുശ്രൂഷകൾ നൽകി ഡിസ്ചാർജ് ചെയ്തു . നാലുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് . ഒരാളെ പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിലും , മൂന്ന് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു . പരിക്കുപറ്റിയവരിൽ മൂന്നുപേർക്ക് സാരമായ പരുക്കുകൾ പറ്റിയിട്ടുണ്ട് എന്നാണ് അറിയുന്നത് .
