അസ്മിത ഖേലോ ഇന്ത്യ വനിതാ ലീഗ്: കോട്ടയം ജില്ലാ തല വനിതാ വെയ്റ്റ്ലിഫ്റ്റിങ് മത്സരങ്ങൾ കാഞ്ഞിരപ്പള്ളിയിൽ സമാപിച്ചു.

കാഞ്ഞിരപ്പള്ളി : വനിതകളുടെ കായിക പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അസ്മിത ഖേലോ ഇന്ത്യ വനിതാ ലീഗിന്റെ ഭാഗമായി നടത്തിയ ജില്ലാ തല വനിതാ വെയ്റ്റ്ലിഫ്റ്റിങ് മത്സരം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ സമാപിച്ചു. സംസ്ഥാന വെയിറ്റ് ലിഫ്റ്റിംങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
ഗ്രാമീണ-നഗര മേഖലകളിലെ പ്രതിഭാധനരായ വനിതാ കായികതാരങ്ങളെ കണ്ടെത്തി അവർക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുള്ള പ്രധാന വേദിയാണ് ഈ ടൂർണമെന്റ്. യൂത്ത്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ വെയ്റ്റ്‌ലിഫ്റ്റർമാർ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ ആർ. ശ്രീലക്ഷ്‌മി (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി), 53 കിലോഗ്രാം വിഭാഗത്തിൽ നന്ദന അനിൽ കുമാർ ( സെന്റ് ഡൊമിനിക്സ് സ്‌കൂൾ, കാഞ്ഞിരപ്പള്ളി ), 61 കിലോഗ്രാം വിഭാഗത്തിൽ ലിന്റ് എൽസ തോമസ് (സികെഎം ഹയർ സെക്കൻഡറി സ്‌കൂൾ, കോരുത്തോട് ), 69 കിലോഗ്രാം വിഭാഗത്തിൽ ആദിത്യ ഉല്ലാസ് (അസംപ്ഷൻ ഹൈസ്‌കൂൾ, പാലമ്പ്ര ), 77 കിലോഗ്രാം വിഭാഗത്തിൽ സി.പി.അഷ്‌മിക (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി ), 86 കിലോഗ്രാം വിഭാഗത്തിൽ എം.എസ്.അമൃത (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി ), 86 കിലോഗ്രാമിനു മുകളിലുള്ള വിഭാഗത്തിൽ ഫർഷ സിനാജ് ഖാൻ (സെൻ്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി ) എന്നിവർ ഒന്നാം സ്ഥാനം നേടി.
രാവിലെ കോളേജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അന്നമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വെയ്റ്റ്ലിഫ്റ്റിങ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.കെ യാസിർ ആശംസകൾ അർപ്പിച്ചു.കോളജ് കായിക വിഭാഗം മേധാവി ഡോ. പ്രവീൺ തര്യൻ സ്വാഗതവും , ഇ.ടി.മനീഷ് കൃതജ്ഞതയും രേഖപെടുത്തി.
വനിതകളുടെ കായികപങ്കാളിത്തം വർധിപ്പിക്കുക, പുതിയ പ്രതിഭകളെ കണ്ടെത്തുക, ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നിവയാണ് അസ്മിത ലീഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. കായികരംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിനും കൂടുതൽ പെൺകുട്ടികളെ ഭാരോദ്വഹനത്തിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായകരമാണ്.
