സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന പതിനെട്ടാമത് കാരുണ്യ ഭവനത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി : മുൻ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 18-ാമത് വീട് തീക്കോയി ഗ്രാമപഞ്ചായത്തിലെ മംഗളഗിരിയിൽ പൂർത്തീകരിച്ചതിന്റെ താക്കോൽ കൈമാറ്റം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അംബിക എം. എസ് ചടങ്ങിൽ അധ്യക്ഷയായി.. പഞ്ചായത്ത് മെമ്പർമാരായ സണ്ണി കണിയാംകണ്ടം , ജിബിൻ സെബാസ്റ്റ്യൻ, സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ സാജു പുല്ലാട്ട്, അലൻ വാണിയപ്പുര, സി.വി ജോസഫ് ചെങ്ങഴശ്ശേരി, ഡേവിസ് പാമ്പ്ലാനി, പൊതു പ്രവർത്തകരായ അമ്മിണി തോമസ്, സിബി രഘുനാഥൻ, ബാലകൃഷ്ണൻ തെക്കേടത്ത്, ജോസ്കുട്ടി കല്ലൂർ, ലിജോ ഇടക്കാട്ട്, രോഷ്നി മുകാലയിൽ, രമണൻ എന്നിവർ സംസാരിച്ചു..
നിർദ്ധനയായ ഒരു വിധവയ്ക്കാണ് ഭവനം നിർമ്മിച്ചു നൽകിയിട്ടുള്ളത്. ഇക്കഴിഞ്ഞ 6 വർഷത്തോളമായി പൂഞ്ഞാർ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് സാധുക്കൾക്ക് ഭവന നിർമ്മാണം, വിദ്യാഭ്യാസ മേഖലയിൽ ‘ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്’ (Future Stars Education Project), ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യതയ്ക്ക് ഓൺലൈൻ ജോബ് പോർട്ടൽ ആയ “പൂഞ്ഞാർ ജോബ്സ്” (Poonjar Jobs), കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് “ഫലസമൃദ്ധി”, ചികിത്സാ സഹായത്തിനും മറ്റു സേവന പ്രവർത്തനങ്ങൾക്കും “കൈത്താങ്ങ്” എന്നിങ്ങനെ വിവിധ പ്രകാരങ്ങളിലുള്ള സേവന പ്രവർത്തനങ്ങൾ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു. കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം കൂട്ടിക്കലിലെ പ്രളയ ദുരിത ബാധിതർക്ക് മാത്രം 11 വീടുകൾ കൂട്ടിക്കലിലെ താളുങ്കലിൽ ഹൗസിംഗ് കോളനി ആയി നിർമ്മിച്ചു നൽകിയിരുന്നു. വിവിധ കമ്പനികളുടെ സി.എസ്.ആർ. (CSR) ഫണ്ടുകൾ ഉപയോഗിച്ചും, ഉദാരമതികളായ വ്യക്തികളുടെ സഹകരണത്തോടു കൂടിയാണ് സേവന പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. തുടർന്നും സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ സേവന-ജീവകാരുണ്യ പ്രവർത്താനങ്ങൾ നടപ്പിലാക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു
