KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരുതലിന്റെയും പുനരധിവാസത്തിന്റെയും പുതിയ അധ്യായം; തണൽ സെന്റർ ഫോർ റിഹാബിലിറ്റേഷൻ നവംബർ 2-ന് ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല നാടിന് സമർപ്പിക്കും.

കാഞ്ഞിരപ്പള്ളി :ജീവിതത്തിൽ പ്രത്യേക പരിചരണവും പിന്തുണയും ആവശ്യമുള്ള മനുഷ്യർക്കും അവരുടെ കുടുംബങ്ങൾക്കും ശാസ്ത്രീയ പരിചരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, മാനസികാരോഗ്യ പിന്തുണ, സ്വയംപര്യാപ്തത, എന്നിവ ഉറപ്പാക്കി പുനരധിവാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ  കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് നിർമ്മാണം പൂർത്തീകരിച്ച തണൽ സെന്റർ ഫോർ റിഹാബിലിറ്റേഷൻ നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ..   

  തിങ്കളാഴ്ച രാവിലെ പത്തിന് ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. തണൽ പ്രസിഡൻ്റ് ഡോ. വി. ഇദ്രീസ് അധ്യക്ഷനാകും.

പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾ, ഭിന്നശേഷിക്കാർ, മാനസികാരോഗ്യ പിന്തുണ ആവശ്യമുള്ളവർ, അപകടങ്ങളിലൂടെയും രോഗങ്ങളിലൂടെയും കിടപ്പിലായവർ തുടങ്ങി ജീവിതപ്രതിസന്ധികൾ നേരിടുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്രമായ പിന്തുണ ഉറപ്പാക്കുന്ന ബഹുമുഖ പുനരധിവാസ സംവിധാനമാണ് തണൽ ഈ കേന്ദ്രത്തിലൂടെ വിഭാവനം ചെയ്യുന്നത്. ചികിത്സയ്ക്കും പരിചരണത്തിനുമപ്പുറം ഓരോ വ്യക്തിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും സ്വയംപര്യാപ്തമായ ജീവിതത്തിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  മലബാർ–തണൽ ഏർലി ഇന്റർവെൻഷൻ സെന്റർ, സൽസാർ–തണൽ ന്യൂറോ റിഹാബ് സെന്റർ, തണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജുക്കേഷൻ, കമ്മ്യൂണിറ്റി സൈക്യാട്രി ക്ലിനിക്ക്, പ്രിപ്പറേറ്ററി സ്കൂൾ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്  എന്നിങ്ങനെ അനുബന്ധ പദ്ധതികളുടെ സമർപ്പണവും നടക്കും.
 കുട്ടികളുടെ ആദ്യകാല വളർച്ചയും വികാസവും മുതൽ നൈപുണ്യ പരിശീലനം, ന്യൂറോ പുനരധിവാസം, മാനസികാരോഗ്യ പരിചരണം, ദീർഘകാല രോഗികൾക്കുള്ള പിന്തുണ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഏകോപിത സേവനങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതികൾ സഹായകമാകും.

പട്ടിമറ്റത്തുള്ള തണൽ സെന്റർ ഫോർ റിഹാബിലിറ്റേഷൻ അങ്കണത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ. ആന്റോ ആന്റണി എം.പി., എം.എൽ.എമാരായ പ്രൊഫ. റോണി കെ. ബേബി, അഡ്വ. സെബാസ്റ്റ്യൻ എം.ജെ., അഡ്വ. സിറിയക് തോമസ്, നാട്ടകം സുരേഷ്,.
മലബാർ ഗോൾഡ് കേരള റീജണൽ ഹെഡ് ആർ. അബ്ദുൽ ജലീൽ, സൽസാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. സലാഹുദ്ദീൻ, പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, തണൽ പ്രസിഡൻറ് വി വി മുനീർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് കുന്നപ്പള്ളി, അഡ്വ. പി. ജീരാജ്, അഡ്വ. അഭിലാഷ് ചന്ദ്രൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി പത്യാല തുടങ്ങിയവരും സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ ആശംസകൾ അറിയിക്കും.
കരുതലും സഹാനുഭൂതിയും ശാസ്ത്രീയ പരിചരണവും ഒത്തുചേരുന്ന ഈ മഹത്തായ സംരംഭത്തിന്റെ ഉദ്ഘാടനത്തിനും അനുബന്ധ പദ്ധതികളുടെ സമർപ്പണത്തിനും സാക്ഷികളാകാൻ നാട്ടിലെ മുഴുവൻ ജനങ്ങളെയും തണൽ സെന്റർ ഫോർ റിഹാബിലിറ്റേഷൻ അങ്കണത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ

. പി എ മുജീബ് റഹ്മാൻ (  പ്രസിഡന്റ് )
പിഎച്ച് ഷാജഹാൻ (ട്രഷറർ)
ടി എം ഇസ്മായിൽ (ജനറൽ സെക്രട്ടറി )
എക്സികുട്ടിവ് കമ്മിറ്റിയംഗങ്ങളായ പി ഐ നജീബ്  ,
 അൻവർ അൻസാരി ,
 ആൽഫസ് റഷീദ് ,ബ്രാഞ്ച് ഹെഡ് തണൽ സൈലസ് സെബാസ്റ്റ്യൻ –
ബെൻസി പോൾ – (റീജിയണൽ കോർഡിനേറ്റർ ഇഐ സി ) എന്നിവർ പരിപാടികൾ വിശദീകരിച്ചു.

error: Content is protected !!