കുടുംബത്തിന്റെ സന്തോഷം സമൂഹത്തിന്റെയും : മാർ ജോസ് പുളിക്കൽ

കുട്ടിക്കാനം: സംതൃപ്തമായ കുടുംബങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പിന് ഊർജം പകരുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കുട്ടിക്കാനം മരിയൻ കോളജ് മാജിസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററൽ കൗൺസിലിൻ്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “കുടുംബങ്ങൾ അനുഭവിക്കുന്ന സ്നേഹത്തിൻ്റെ സന്തോഷമാണ് സഭയുടെ സന്തോഷം” എന്ന മാർപാപ്പയുടെ കാഴ്ചപ്പാട് അദ്ദേഹം ഊന്നിപ്പറഞ്ഞു. “കുടുംബം: ഗാർഹിക സഭയും പ്രേഷിതയും” എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് സമ്മേളനത്തിൽ ചർച്ചകളും വിശകലനങ്ങളും നടന്നത്. ശ്രീ സെബാസ്റ്റ്യൻ താന്നിക്കൽ വിഷയാവതരണം നടത്തി. രൂപതാ ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ മാത്യു ഓലിക്കൽ മോഡറേറ്ററായിരുന്നു.
കൗൺസിലിലെ പത്ത് കമ്മീഷനുകളുടെ നേതൃത്വത്തിൽ രൂപതയുടെ പ്രവർത്തനമേഖലകളും സമ്മേളനത്തിൻ്റെ ചിന്താവിഷയവും വിശകലനം ചെയ്ത് വിവിധ അവതരണങ്ങൾ നടത്തി.
തുടർന്ന്, രൂപതാ വികാരി ജനറൽ ഫാ സെബാസ്‌റ്റ്യൻ കൊല്ലംകുന്നേൽ രൂപതാ സുവർണ്ണ ജൂബിലി കർമ്മ പരിപാടികൾ വിശദീകരിച്ചു. ഇ എസ് എ, ബഫർ സോൺ വിഷയത്തിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും പാസ്റ്ററൽ കൗൺസിൽ പാസാക്കി.
രൂപതാ വികാരി ജനറൽമാരായ ഫാ ജോസഫ് വെള്ളമറ്റം, ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചാൻസലർ ഫാ മാത്യു ശൗര്യാംകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ ബിനോ പി ജോസ്, ജോയിൻ്റ് സെക്രട്ടറി അഡ്വ ഷാൻസി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
