ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ എരുമേലിയിൽ എത്തി ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തി.

എരുമേലി : ശബരിമല തീർത്ഥാടന കാലം തൊട്ടടുത്ത് എത്തിയിട്ടും ഒരുക്കങ്ങൾ ഇഴയുന്നത് അനുവദിക്കില്ല എന്ന് ദേവസ്വം ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. വ്യാഴാഴ്ച വൈകുന്നേരം എരുമേലി വലിയമ്പലത്തിന്റെ ഹാളിൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇനി അധികം ദിവസങ്ങൾ ഇല്ല. സുഗമമായ തീർത്ഥാടനം ആണ് സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. അതിന് ആവശ്യമായ ഫണ്ട് ഉൾപ്പടെ സർക്കാർ ചെയ്തു. പക്ഷെ അതിന്റെ പ്രയോജനം ഇനിയും ആയിട്ടില്ല എന്നത് തികച്ചും ഖേദകരമാണ്. കാലാവസ്ഥ, മഴ എന്നിങ്ങനെ തടസങ്ങൾ പല വകുപ്പും പറയുന്നത് പൂർണമായും ശരിയല്ല. പ്രധാനമായും എരുമേലിയിൽ വേണ്ടത് ശുചിത്വം, സുഗമമായ ഗതാഗതം, ചൂഷണ രഹിതമായ സ്ഥിതി വിശേഷം എന്നിവയാണെന്ന് ഒരിക്കൽ കൂടി ഓര്മപ്പെടുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
ശബരിമല ദർശിക്കാൻ ഭക്തർ ഏറെ എത്തും. എല്ലാവർക്കും ഏറ്റവും മികച്ച സൗകര്യം ലഭ്യക്കുക ആണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി മുഖ്യമന്ത്രി നേരിട്ട് പമ്പ, ശബരിമല സന്ദർശിച്ച് വിലയിരുത്തുകയും നിർദേശങ്ങൾ പറയുകയും ചെയ്തു. ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട്. ഒരു ഭക്തനും എരുമേലിയിൽ ബുദ്ധിമുട്ട് അനുഭവിക്കരുത് എന്നതാണ് സർക്കാർ ഉന്നയിച്ചതെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. റോഡ് പണികൾ ഉടനെ പൂർത്തിയാക്കുമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു
പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ഷമീർ, ഡിവൈഎസ്പി റെജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയെവർ പങ്കെടുത്തു.
