തണൽ സെന്റർ ഫോർ റിഹാബിലിറ്റേഷൻ നാടിന് സമർപ്പിച്ചു ; സാമൂഹിക ശാക്തീകരണത്തിനും ഭിന്നശേഷി പരിചരണത്തിനും പുത്തൻ മാതൃക: മന്ത്രി രമേശ് ചെന്നിത്തല.

കാഞ്ഞിരപ്പള്ളി : കരുതലും സ്നേഹവും പിന്തുണയും അർഹിക്കുന്ന മനുഷ്യർക്ക് ആത്മവിശ്വാസവും കരുത്തും പകരുക എന്ന ലക്ഷ്യത്തോടെ പട്ടിമറ്റത്ത് നിർമ്മാണം പൂർത്തിയായ ‘തണൽ സെന്റർ ഫോർ റിഹാബിലിറ്റേഷൻ’ നാടിന് സമർപ്പിച്ചു. കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. സെന്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.
ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളർന്നുപോകുന്നവരെ ചേർത്തുപിടിക്കാനും ശാസ്ത്രീയമായ പരിചരണത്തിലൂടെ പുതിയൊരു ജീവിതം തിരികെ നൽകാനും ഇത്തരം പുനരധിവാസ കേന്ദ്രങ്ങൾ സമൂഹത്തിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർ, മാനസികാരോഗ്യ പിന്തുണ ആവശ്യമുള്ളവർ, രോഗങ്ങൾ മൂലവും അപകടങ്ങൾ മൂലവും കിടപ്പിലായവർ എന്നിവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ തണലിന്റെ ഈ സംരംഭത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏർലി ഇന്റർവെൻഷൻ സെന്റർ, ന്യൂറോ റീഹാബ് സെന്റർ, സ്കിൽ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്, കമ്മ്യൂണിറ്റി സൈക്യാട്രി ക്ലിനിക് എന്നിവയാണ് കേന്ദ്രത്തിലെ പ്രധാന വിഭാഗങ്ങൾ.
തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു. എം.എൽ.എമാരായ പ്രൊഫ. റോണി കെ. ബേബി, അഡ്വ. സെബാസ്റ്റ്യൻ എം.ജെ., അഡ്വ. സിറിയക് തോമസ് എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സൗത്ത് കേരള റീജണൽ ഹെഡ് എം. പി. ജാഫർ, സൽസാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. സലാഹുദ്ദീൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് കുന്നപ്പള്ളി, അഡ്വ. പി. ജീരാജ്, അഡ്വ. അഭിലാഷ് ചന്ദ്രൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, തണൽ ഭാരവാഹികളായ അബ്ദുൽ ഹക്കീം, പി.എച്ച്. ഷാജഹാൻ, ടി.എം. ഇസ്മായിൽ തുടങ്ങിയവരും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സംസാരിച്ചു.
