മുതിർന്ന സി.പി.ഐ. നേതാവ് വി. കെ. കരുണാകരൻ അന്തരിച്ചു.

മണിമല: അധ്യാപകനെന്ന നിലയിൽ അറിവിന്റെ വെളിച്ചം പകർന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾക്കും പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചും പൊതുസമൂഹത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വി. കെ. കരുണാകരൻ ഓർമ്മയായി.
1939 ഏപ്രിൽ 23 ന് മണിമല കടയിനിക്കാട് വാലനാനിൽ കുഞ്ഞന്റെയും കൊച്ചു പെണ്ണിന്റെയും മകനായി ജനിച്ചു . കടയിനിക്കാട് എസ് എ എൽ പി സ്കൂൾ , മണിമല എൽ പി സ്കൂൾ , കങ്ങഴ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പെരുന്ന എൻഎസ്എസ് ട്രെയിനിങ് സെന്ററിൽ നിന്നും അധ്യാപക പരിശീലനം നേടി.തുടർന്ന് ഉള്ളായം എസ് എ എൽ പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1960 മുതൽ വെള്ളാവൂർ എസ് എൻ എൽ പി സ്കൂളിൽ പ്രഥമാധ്യാപകനായി ജോലി ചെയ്തു. 34 വർഷത്തെ സേവനത്തിന് ശേഷമാണ് അവിടെ നിന്ന് വിരമിച്ചത് .
ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അധ്യാപക സംഘടനയിൽ പ്രവർത്തിച്ചു. എ ഐ വൈ എഫിന്റെ ജില്ലാ കമ്മറ്റി അംഗമായും ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു . പി കുരുവിള, കടയിനിക്കാട് പുരുഷോത്തമൻ എന്നിവരോട് ചേർന്ന് കടയിനിക്കാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കിസാൻ സഭ സംസ്ഥാന സമതിയംഗമായിരുന്നു. യുവ കലാ സാഹിതി, ഇപ്ക എന്നീ സംഘടനകളുമായി ചേർന്നും പ്രവർത്തിച്ചു.
സി പി ഐ വാഴൂർ മണ്ഡലം സെക്രട്ടറിയായും , ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
പതിനഞ്ച് വയസു മുതൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. കടയിനിക്കാട് ടാഗോർ ഗ്രന്ഥശാലാ സ്ഥാപകരിൽ പ്രധാനി. 2023 ൽ ടാഗോർ ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെയും മുഖ്യസംഘാടകൻ.
1979 മുതൽ 1994 വരെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമതിയായിരുന്നകൺട്രോൾ ബോർഡിന്റെ പ്രധാനികളിൽ ഒരാൾ. സംസ്ഥാന ലൈബ്രററി കൗൺസിൽ നിലവിൽ വന്ന 1995 മുതൽ 2020 വരെ കോട്ടയം ജില്ലാ പ്രസിഡന്റ്. 2020 മുതൽ സ്റ്റേറ്റ് കൗൺസിൽ മെമ്പർ. പനമറ്റം ദേശീയ വായന ശാലയിൽ ഒക്ടോബർ 10 ന് പരസ്പരം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചതായിരുന്നു അവസാനത്തെ ഔദ്യോഗിക പരിപാടി.
2024 ൽ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകൻ എന്നിവയ്ക്ക് അർഹനായി.
ഒക്ടോബർ 27 ന് വീണ് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം വ്യാഴം ഉച്ച കഴിഞ്ഞ് 2 ന് വീട്ട് വളപ്പിൽ നടത്തും.
