മാലിന്യം തള്ളാനെത്തിയത് തടഞ്ഞു ; തിരിച്ചു കയറ്റിവിട്ട് ബി.ജെ.പി.പ്രവർത്തകർ.

എലിക്കുളം: പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ മാലിന്യം മാന്തറയിൽ പാറമടയിൽ കുഴികുത്തി നിറയ്ക്കാൻ നടത്തിയ ശ്രമം തടഞ്ഞു ബി.ജെ.പി.യുടെ പഞ്ചായത്തംഗങ്ങളും പ്രവർത്തകരും. പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, ഗ്ലാസ് ബോട്ടിലുകൾ, കോഴി മാലിന്യം, സാനിറ്ററി നാപ്കിൻ മുതലായ മാലിന്യങ്ങൾ പത്താം വാർഡിലെ മെമ്പർ പോലും അറിയാതെ പഞ്ചായത്ത് ഭരണസമിതി തന്നെയാണ് കുഴിച്ചിടാൻ കൊടുത്തുവിട്ടതെന്ന് സമരക്കാർ ആരോപിച്ചു. ഹരിതകർമസേനയുടെ വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിച്ചത് നാട്ടുകാർ അറിഞ്ഞതിനെ തുടർന്ന് കുഴിച്ചിടാൻ കൊണ്ടുവന്ന ജെസിബി തടഞ്ഞു വയ്ക്കുകയും ഹരിത കർമ്മ സേനയുടെ വാഹനം തിരിച്ചെത്തിച്ചു അതിൽ തിരികെ കയറ്റി വിടുകയും ചെയ്തു.
എലിക്കുളം പഞ്ചായത്തിൽ ഹരിതകർമസേന സ്ഥാപിച്ച ബിന്നുകളിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് പഞ്ചായത്തിന്റെ തന്നെ വാഹനത്തിൽ സ്ഥലത്ത് എത്തിച്ചത്. 10-ാം വാർഡംഗം എം.കെ.സുജാത, ഒൻപതാം വാർഡംഗം ശ്രീജാ സരീഷ്, ബി.ജെ.പി.വെസ്റ്റ് ജില്ലാസെക്രട്ടറി എം.ആർ.സരീഷ്കുമാർ, ഭരണങ്ങാനം മണ്ഡലം സെക്രട്ടറി കെ.ബി.ജയേഷ്, എലിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് കറുകപ്പള്ളിൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
സ്ഥലമുടമയുടെ സമ്മതത്തോടെയാണ് ആളൊഴിഞ്ഞ പ്രദേശത്തെ പാറമടയ്ക്കുസമീപം മാലിന്യം കുഴിച്ചിടാനെത്തിയതെന്നും മുൻപും ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് വിശദീകരിച്ചു. മാലിന്യസംസ്കരണത്തിന് പഞ്ചായത്തിന് സ്വന്തം സംവിധാനമില്ലാത്തതിനാലാണിത്. വഴിയോരത്തുള്ള ബിന്നുകളിലെ ജൈവമാലിന്യമാണ് അവിടെയെത്തിച്ചത്.
