പൊൻകുന്നത്ത് അനധികൃത നിർമാണം നടത്തി ആരംഭിച്ച കടയുടെ ലൈസൻസ് റദ്ദാക്കി
പൊൻകുന്നം: ടൗണിലുള്ള കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തി ആരംഭിച്ച കടയുടെ ലൈസൻസ് ചിറക്കടവ് പഞ്ചായത്ത് റദ്ദാക്കി.
കടയുടെ ലൈസൻസ് റദ്ദ് ചെയ്ത് പഞ്ചായത്തിന്റെ നോട്ടീസ് കടയിൽ ഔദ്യോഗികമായി പതിപ്പിച്ചു. ചിറക്കടവ് പഞ്ചായത്ത് പരിധിയിൽ 2013-ലെ 78 സി. നമ്പറുള്ള കെട്ടിടം അനധികൃത നിർമിതിയായി സ്ഥിരപ്പെടുത്തി ഉത്തരവായിട്ടുള്ളത് സൂചിപ്പിച്ചാണ് സെക്രട്ടറിയുടെ ഉത്തരവ് പതിപ്പിച്ചത്.
അനധികൃത നിർമിതിയിലെ കടയുടെ ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിക്കുവാൻ ഉടമ കെ.എ.നവാസിന് നോട്ടീസ് നൽകിയിരുന്നു. ഭാവിയിൽ ഹൈവേ വികസനത്തിനുള്ള തടസ്സമായാൽ സ്വന്തം ചെലവിൽ പൊളിച്ചുനീക്കാമെന്നാണ് ഉടമ മറുപടി നൽകിയത്. എന്നാൽ ഇത് അംഗീകരിക്കാവുന്ന പ്രവണതയല്ലെന്നും ലൈസൻസ് നൽകൽ ചട്ടങ്ങളിലെ സെക്ഷൻ 19 പ്രകാരം ലൈസൻസ് റദ്ദ് ചെയ്യുകയാണെന്നുമാണ് കെട്ടിടത്തിൽ പതിപ്പിച്ച ഉത്തരവിലുള്ളത്. അനധികൃത നിർമിതികളെക്കുറിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ ആക്ഷേപമുന്നയിക്കുകയും തുടർന്ന് പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സെക്രട്ടറിയുടെ നടപടി.
