അമേരിക്കൻ തെരഞ്ഞെടുപ്പ് : നാടിന് അഭിമാനമായി കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന്റെ വിജയം

കാഞ്ഞിരപ്പള്ളി: അമേരിക്കൻ ഇടക്കാലതെരഞ്ഞെടുപ്പിൽ പ്രാദേശികതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളിയും. കാഞ്ഞിരപ്പള്ളി കാളകെട്ടി മാഞ്ഞൂക്കുളം ചൂരനോലിക്കൽ മാർട്ടിൻ ജോണാണു നാടിന് അഭിമാനമായത്. ടെക്സസ് സംസ്ഥാനത്തെ പ്രമുഖ കൗണ്ടിയായ ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്ട് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു നടന്ന തെരഞെഞ്ഞെടുപ്പിലാണ് മാർട്ടിൻ ജോൺ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.
കക്ഷിരഹിത സ്ഥാനാർഥിയായി മത്സരിച്ച മാർട്ടിൻ ജോൺ 19,845 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ ഷൈസാദ് സാം ചത്രിവാലയെ പരാജയപ്പെടുത്തിയത്. ആകെ 1,38,907 വോട്ടുകൾ രേഖപ്പെടുത്തിയ മത്സരത്തിൽ 79,376 വോട്ടുകൾ (57.14%) നേടിയാണ് മാർട്ടിന്റെ വിജയം.
പാലാ സെന്റ് തോമസ് കോളജ് യൂണിയൻ മുൻ ചെയർമാൻകൂടിയായ മാർട്ടിൻ ജോൺ വർഷങ്ങളായി അമേരിക്കയിലെ ഹൂസ്റ്റണിലാണു താമസം. സ്‌കൂൾ പഠനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. നാട്ടിലെ സംഘടന-വിദ്യാർഥി രാഷ്ട്രീയ അനുഭവസമ്പത്തുമായി അമേരിക്കയിലെത്തിയ അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിനിടയിലും സജീവ സാന്നിധ്യമാണ്.
കാളകെട്ടി ചൂരനോലിക്കൽ പരേതനായ പരേതനായ സി.ജെ. ജോൺ – ക്ലാരമ്മ ദമ്പതികളുടെ മകനാണ് മാർട്ടിൻ ജോൺ. സഹോദരങ്ങൾ: അലോഷ്യസ് ജോൺ, ഡൊമിനിക് ജോൺ, ജിജി ഷാജി, ജിബി ജോൺ (കാനഡ). ഭാര്യ: റൂബി മാർട്ടിൻ. മക്കളായ വർഷ മാർട്ടിൻ, ജോൺ മാർട്ടിൻ എന്നിവർക്കൊപ്പം 22 വർഷമായി അമേരിക്കയിലാണ് മാർട്ടിൻ ജോൺ.
