ചിറ്റാർപാലം – വിഴിക്കിത്തോട് റോഡിലെ അപകട വളവ് വീതികൂട്ടാൻ നടപടിയായി.
കാഞ്ഞിരപ്പള്ളി : മണ്ണംപ്ലാവ് — വിഴിക്കിത്തോട് റോഡിൽ ചിറ്റാർ പാലത്തിനും ഞള്ളമറ്റം വയലിനും ഇടയിലെ അപകട വളവ് വീതി കൂട്ടി പുനർനിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി റോണി കെ ബേബി എം. എൽ. എ അറിയിച്ചു.
ശബരിമല മണ്ഡലകാലത്ത് ഉൾപ്പടെ തിരക്കേറിയ റോഡിൽ വളവ് വീതി കൂട്ടാത്തതിനാൽ അപകടങ്ങൾ പതിവായിരുന്നു. എരുമേലിയിലേക്ക് എത്തുന്ന അയ്യപ്പ ഭക്തരുൾപ്പടെയുള്ള വാഹനങ്ങൾ പൊൻകുന്നം കെ. വി. എം. എസ് കവലയിൽ നിന്നും മണ്ണംപ്ലാവ് വിഴിക്കിത്തോട് വഴി തിരിഞ്ഞു പോയിരുന്നത് ഈ റോഡ് വഴിയാണ്.
വളവ് വീതി കൂട്ടുന്നതിന് കർമ്മലീത്ത മഠം അധികൃതർ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകും. 10 സെന്റ് സ്ഥലമാണ് വളവ് വീതി കൂട്ടുന്നതിന് സൗജന്യമായി വിട്ടു നൽകുന്നത്.
കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്‌റ്റെനിസ്ലാവോസ് വെട്ടിക്കാട്ടിന്റെയും കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജെയിംസ് പാനാപ്പള്ളിയുടെയും നേതൃത്വത്തിൽ എം എൽ എക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വളവ് വീതി കൂട്ടാൻ നടപടി ഉണ്ടായിരിക്കുന്നത്.
