നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞ് വീട് ഭാഗികമായി തകർന്നു
മുണ്ടക്കയം : നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞ് വീട് ഭാഗികമായി തകർന്നു. കാർ ഡ്രൈവർ ചുങ്കപ്പാറ സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ ഏഴോടെ ദേശീയ പാതയിൽ പെരുവന്താനത്തിന് സമീപമായിരുന്നു അപകടം നടന്നത്. കൊല്ലത്ത് നിന്നും വണ്ടിപ്പെരിയാറ്റിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാതയോരത്തെ സുരക്ഷാമതിൽ തകർത്ത് തൊട്ടിപ്പാട്ട് മാത്യൂവിന്റെ വീട്ടുമുറ്റത്തേലേക്കാണ് കാർ വീണത്.
കാർ വീണത്തിനെ തുടർന്ന് വീടിന്റെ ഒരു മുറി ഭാഗികമായി തകർന്നു. അപകടത്തിൽ കാർ ഡ്രൈവവർ ചുങ്കപ്പാറ സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാത്യുവിന്റെ മകൻ ജിനോ വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. റോഡിന്റെ വശത്തെ കലുങ്കിൽ തട്ടി ഉയർന്ന കാർ വീടിന്റെ മുറ്റത്ത് നിന്നിരുന്ന മരത്തിന്റെ മുകളിൽ തട്ടി ഗതി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
റോഡിന്റെ സുരക്ഷയുമായി ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. എന്നാൽ സാങ്കേതിക കാരണങ്ങൾ കാണിച്ച് ദേശീയ പാത വിഭാഗം ഈ ഭാഗത്തെ ക്രാഷ് ബാരിക്കേഡ് സ്ഥപിക്കൽ ഒഴിവാക്കുകയായിരുന്നു.