ചിറക്കടവ് ബാങ്കിൽ അഴിമതി ആരോപിച്ച് എൽ ഡി എഫ് മാർച്ചും പ്രതിഷേധയോഗവും നടത്തി
പൊൻകുന്നം : ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി നടന്നു എന്നാരോപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ബാങ്കിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചു.എൽഡിഎഫ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് സിപിഐ എം പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ സേതുനാഥ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് ഭരിക്കുന്ന ബാങ്കിൽ ഭരണ സമിതിയുടെ ഒത്താശയോടെ വൻ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് അഴിമതി പുറത്ത് കൊണ്ടുവരുന്നതിനായി സഹകരണ വകുപ്പ് രജിസ്ട്രാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഭരണ സമിതി പരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തണമെന്ന് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ ഉടൻ നടപടി എടുക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് സഹകാരികളുടെ വിശ്വാസിയത സംരക്ഷിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
മണ്ണംപ്ലാവിൽ നടന്ന പ്രതിഷേധ യോഗത്തിൽ എം ജി വിനോദ് അധ്യക്ഷനായി.എൽഡിഎഫ് നേതാക്കളായ എൻ കെ സുധാകരൻ, കെ ബാലചന്ദ്രൻ, ഷാജി നല്ലേപ്പറമ്പിൽ, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രുസ് എന്നിവർ സംസാരിച്ചു.