വാനും കാറും കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്ക്.
കാഞ്ഞിരപ്പള്ളി: കപ്പാടിനുസമീപം കാറും വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വാനിൽ സഞ്ചരിച്ച മൂന്നിലവ് അമ്മിയാനിക്കൽ മനോജ്(46), മകൾ ആൻമരിയ(12) മനോജിന്റെ സഹോദരി മിനി (48), എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാനിൽ കുടങ്ങിയ മനോജിനെ അഗ്നിരക്ഷാസേന എത്തി വാൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
മൂവരെയും 26-ാംമൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിലേക്കു മാറ്റി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കപ്പാടിന് സമീപമായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി മടങ്ങുകയായിരുന്ന മനോജും മകളും സഹോദരിയും സഞ്ചരിച്ചിരുന്ന വാനും എതിരേ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർമാരായ ഹരീഷ് കുമാർ, കെ.എൽ.ലബിൻ, എം.ആനീസ്, ടി.വി.റെജി, ജൂബി തോമസ്, ഹരി കെ. സുകുമാർ, എം.എ.വിഷ്ണു, ആർ.സി.രാജീവ് എന്നിവർ ചേർന്നാണ് പുറത്തെടുത്തത്. എസ്.ഐ. എം.എസ്.ഷിബുവിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പോലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.