വെറ്ററിനറി സർജൻമാരുടെ കുറവ് മൂലം രാത്രിയിലെ മൃഗചികിത്സ നിലച്ചു, ക്ലിനിക്കുകൾ അടച്ചു

സംസ്ഥാനത്ത് വെറ്ററിനറി ഡോക്ടർമാരുടെ സേവനം രാത്രിയിൽ കിട്ടാനുള്ള ക്രമീകരണം ഇല്ലാതായി. രാത്രിക്ലിനിക്കുകൾ പൂർണമായി നിലച്ചു. 152 വെറ്ററിനറി ആശുപത്രികളിലാണ് പ്രാഥമികമായി ഇൗ സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുറേയിടത്ത് തുടങ്ങുകയും ചെയ്തു. പിന്നീട് ഇവയുടെ പ്രവർത്തനംനിലയ്ക്കുകയായിരുന്നു.

ഒരു വെറ്ററിനറി സർജൻ, ഒരു അറ്റൻഡർ എന്നിവരെയാണ് ജോലിക്ക് നിയോഗിക്കാൻ തീരുമാനിച്ചത്. മറ്റ് ആശുപത്രികളിൽനിന്ന് ജോലിക്രമീകരണത്തിലൂടെ സർജൻമാരെ നിയമിക്കുകയായിരുന്നു. 65 ബ്ലോക്കുകളിൽ കരാറടിസ്ഥാനത്തിലും ഡോക്ടർമാരെ നിയോഗിച്ചു. പക്ഷേ, ഇവരൊന്നും തുടർന്നില്ല.

ഇവർക്ക് ഏറെ പ്രതിസന്ധികൾ വന്നു. സർക്കാർ വാഹനം ഇല്ലാത്തതിനാൽ മൃഗപരിശോധനയ്ക്ക് രാത്രിയിൽ പോകാൻ സ്വന്തം വാഹനം ഉപയോഗിക്കേണ്ടിവന്നു. ഇതിന് വേണ്ടത്ര പ്രതിഫലം നൽകിയില്ല. കരാർ നിയമനക്കാർ മറ്റ് ജോലി കിട്ടിയപ്പോൾ പോയതും പ്രശ്നമായി. സർവീസിലുള്ളവർ മറ്റിടങ്ങളിൽ ഒഴിവ് വന്നപ്പോൾ അവിടേക്ക് പോയി.

ഒഴിവ് വന്നിടങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ വിളിച്ചിട്ടും നാമമാത്രമായ അപേക്ഷകരേ ഉണ്ടായിരിന്നുള്ളൂ. ദൂരെയുള്ള ഇടങ്ങളിലേക്ക് പോകാൻ മിക്കവർക്കും താത്പര്യമില്ലായിരുന്നു. നിയമിച്ചവർ തുടർന്നതുമില്ല.

നിലവിൽ രാത്രികാല ചികിത്സ കിട്ടുന്നത് എട്ടുമണി വരെയാണ്. 14 ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും 26 മൃഗാശുപത്രികളിലും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്.

രണ്ട് ഷിഫ്റ്റുകളിലാണ് ഇൗ ക്രമീകരണം. കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഉള്ളതിനാൽ ജീവനക്കാർക്ക് രാത്രി എട്ടുവരെ തുടരാൻ പ്രയാസവുമുണ്ട്.

error: Content is protected !!