പമ്പയിലെ പ്രളയ മണലില്‍ ഭൂരിഭാഗവും ഗുണനിലവാരമില്ലെന്ന് കണ്ട് വനത്തില്‍ ഉപേക്ഷിച്ചു

രാഷ്ട്രീയ വിവാദത്താല്‍ ‘ചൂടുപിടിച്ച’ പമ്പയിലെ പ്രളയ മണലില്‍ ഭൂരിഭാഗവും ഗുണനിലവാരമില്ലെന്ന് കണ്ട് വനത്തില്‍ ഉപേക്ഷിച്ചു ! 2018ലെ പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണില്‍ മണലിന്റെ ധാതുഘടകങ്ങള്‍ കുറവാണെന്ന ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ (സെസ്) രണ്ടാമത്തെ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. കെട്ടിട നിര്‍മ്മാണത്തിന് മണല്‍ അനുയോജ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പമ്പയില്‍ ചക്കുപാലത്ത് വനത്തിനുള്ളിലാണ് മണല്‍ കൂട്ടിയിട്ടിരിക്കുന്നത്. വനം വകുപ്പാണ് ഉടമസ്ഥര്‍.

പമ്പയില്‍ അടിഞ്ഞു കൂടിയ മണല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമെന്ന സെസ് റീജിയണല്‍ ഓഫീസിന്റെ ആദ്യ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലേലത്തില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ ചീഫ് സെക്രട്ടറി ടാേം ജോസ് വിരമിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് പമ്ബയിലെത്തുകയും മണല്‍ നീക്കാന്‍ കണ്ണൂരിലെ ക്‌ളെയ്സ് ആന്‍ഡ് സെറാമിക്സ് പ്രോഡക്സിന് കരാര്‍ നല്‍കുകയും ചെയ്തതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. പിന്നാലെ,കരാര്‍ റദ്ദാക്കി.

ആകെ 35,000 ക്യുബിക് മീറ്റര്‍ മണലാണ് നദിയില്‍ നിന്ന് കരയിലേക്ക് മാറ്റിയത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ വനംവകുപ്പ് നടത്തിയ ലേലത്തില്‍ 4000 ക്യുബിക് മീറ്റര്‍ മണല്‍ കൊണ്ടുപോയവര്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന് അറിയിച്ചിരുന്നു. മണല്‍ വേര്‍തിരിച്ചപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയത് മുപ്പത് ശതമാനത്തില്‍ താഴെയായിരുന്നു. ചെളിയും കല്ലിന്റെ തരികളുമാണ് കൂടുതലായി ലഭിച്ചത്. അറുപത് ശതമാനമെങ്കിലും നല്ല മണല്‍ ലഭിച്ചാലേ പ്രയോജനമുള്ളുവെന്ന് ലേലം പിടിച്ചവര്‍ അറിയിച്ചു. തുടര്‍ന്നാണ് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ പഠനം നടത്തിയത്. മണല്‍ കെട്ടിടനിര്‍മ്മാണത്തിന് കൊള്ളില്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. പമ്ബയില്‍ ചക്കുപാലത്ത് ഉറച്ച മണല്‍ ഇനി സ്വാഭാവിക പ്രകൃതിയുടെ ഭാഗമാകും.

error: Content is protected !!