ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 5 വർഷവും വേണമെന്ന് കേരള കോൺഗ്രസ് എം
കോട്ടയം ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാലാ നഗരസഭ അധ്യക്ഷ സ്ഥാനവും 5 വർഷം തങ്ങൾക്കു വേണമെന്ന് കേരള കോൺഗ്രസ് (എം) സിപിഎമ്മിനെ അറിയിച്ചു. എന്നാൽ രണ്ടു പദവികളും വീതം വയ്ക്കണമെന്ന് സിപിഎം. വീതം വച്ചാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാലാ നഗരസഭാ അധ്യക്ഷ സ്ഥാനവും ആദ്യ ടേം കേരള കോൺഗ്രസിനു (എം) നൽകാമെന്നും സിപിഎം. ഇരു പദവികളും പങ്കു വയ്ക്കുന്നതു സംബന്ധിച്ച് എൽഡിഎഫിൽ തർക്കം തുടരുന്നു.ഇന്നലെ നടത്തിയ ഉഭയ കക്ഷി ചർച്ചയിൽ തീരുമാനമായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കു വയ്ക്കുന്നതിലെ തർക്കമാണ് കേരള കോൺഗ്രസ് (എം) മുന്നണി വിടാൻ വഴിയൊരുക്കിയത്.
പാർട്ടിയുടെ കോട്ടയായ പാലാ നഗരസഭയിൽ ആദ്യമായാണ് എൽഡിഎഫിന് ഭരണം ലഭിക്കുന്നത്. പാലാ നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫിൽ കേരള കോൺഗ്രസ് (എം) പങ്കു വയ്ക്കാറില്ല. ഇരു പദവികളും പങ്കു വയ്ക്കാതെ തങ്ങൾക്കു വേണം. അതിനു പകരമായി മറ്റു ജില്ലകളിൽ സമാന പദവികളിൽ അവകാശം ഉന്നയിക്കില്ലെന്നാണ് കേരള കോൺഗ്രസ് (എം) വാദം. ഇരു പദവികളും പൂർണമായി വിട്ടുനൽകാൻ സിപിഎം ഒരുക്കമല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒരു ടേം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കു വയ്ക്കുന്നതിൽ എൽഡിഎഫ് സംസ്ഥാന നേതൃത്വമാണ് തീരുമാനം എടുക്കാറുള്ളത്. തർക്കം വന്നതിനാലാണ് ജില്ലയിൽ ഉഭയ കക്ഷി ചർച്ച നടത്തിയത്.