കോട്ടയത്ത് പ്രതീക്ഷിച്ചത് 300 സീറ്റ്, കിട്ടിയത് 121 മാത്രം; പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ലെന്ന് ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ വർധിച്ചെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ലെന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. 300 ൽ ഏറെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ 121 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. ശക്തി കേന്ദ്രമായ ചിറക്കടവ് പഞ്ചായത്തിൽ ഭരണം നേടാനായില്ല. അതേ സമയം പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ഭരണത്തിൽ എത്താൻ കഴിയും. 110 വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.
ഈ വാർഡുകളിൽ കോൺഗ്രസിന്റെയോ സിപിഎമ്മിന്റെയോ വോട്ടുകൾ കുത്തനെ ഇടിഞ്ഞു. സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരെ ഒന്നിച്ചതാണു ചിറക്കടവിൽ പാർട്ടി മുന്നേറ്റം തടഞ്ഞതെന്നു യോഗം വിലയിരുത്തി. പ്രചാരണത്തിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നു ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ പരാതി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചത്. ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികൾ ആദ്യഘട്ട അഭ്യർഥനയും നോട്ടിസുമായി വീടുകൾ കയറിയപ്പോൾ ജില്ലാ – ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളുടെ നോട്ടിസുകൾ നൽകാനായില്ല.
പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർഥികളോടൊപ്പം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ പലരും പിന്നീടും വീടുകൾ കയറിയില്ല. പഞ്ചായത്തിൽ ബിജെപിക്കും ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകളിൽ മറ്റു മുന്നണികൾക്കുമാണ് വോട്ടെന്ന ചിന്ത ഇതോടെ ബലപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ ഏകീകരിച്ചുള്ള പ്രവർത്തനവും ഉണ്ടായില്ല. ജനുവരി 2നു വിപുലമായ ജില്ലാ അവലോകന യോഗം ചേരും. അടുത്തയാഴ്ച താഴെത്തട്ടിൽ നിന്നു വിശകലനം ആരംഭിക്കുമെന്നും അതിന്റെ തുടർച്ചയായി ജില്ലാ പഞ്ചായത്തിലെ പ്രകടനവും പ്രചാരണവും ചർച്ച ചെയ്യാമെന്നും നേതൃത്വം അറിയിച്ചു.
സംസ്ഥാന– ജില്ലാ തല നേതാക്കൾ മത്സരിച്ച ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വോട്ടു കുറഞ്ഞിരുന്നു. ആ ഡിവിഷനിൽ ഉള്ള പഞ്ചായത്തുകളിൽ നേടിയ വോട്ട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്കു ലഭിച്ചില്ലെന്നാണ് വിമർശനം. കോൺഗ്രസും സിപിഎമ്മും വോട്ടു മറിച്ചതാണു പല സ്ഥലത്തും ബിജെപി സ്ഥാനാർഥികൾ തോൽക്കാൻ കാരണമെന്നു ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു. സംസ്ഥാന വക്താവ് എൻ.കെ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മധ്യമേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, എം.ബി. രാജഗോപാൽ, എസ്. ജയസൂര്യൻ, എൻ.ഹരി തുടങ്ങിയവർ പ്രസംഗിച്ചു.