ക്രിസ്മസ് സ്റ്റാംപുകളിൽ കർത്താവിന്റെ കഥപറഞ്ഞു മാത്തൻ

എരുമേലി ∙ യുകെയിലെ ക്രിസ്മസ്  സ്റ്റാംപുകൾ കഥാരൂപത്തിൽ മാത്തൻ മൊത്തമിങ്ങെടുത്തു! 1966 മുതൽ‌ ഇറക്കുന്ന ക്രിസ്മസ് സ്റ്റാംപുകളുടെ അപൂർശേഖരത്താൽ സമ്പന്നമാണു മാത്തന്റെ വീട്. എരുമേലി ചാലക്കുഴി മാത്തന്റെ ക്രിസ്മസ് സ്റ്റാംപുകളെ പരിചയപ്പെടാം. ഇന്റർനെറ്റ് യുഗത്തിനു മുൻപ് സാധാരണമായിരുന്ന  സ്റ്റാംപുകൾ നിധി പോലെ സൂക്ഷിക്കുകയാണു മാത്തൻ. ബ്രിട്ടനിലെ തപാൽ വകുപ്പായ റോയൽ മെയിൽ ഓരോ ക്രിസ്മസിനും ഇറക്കുന്ന സ്റ്റാംപുകളാണു മാത്തന്റെ ശേഖരത്തിൽ വ്യത്യസ്തമായുളളത്.

മാത്തൻ 

ക്രിസ്മസ്  സ്റ്റാംപുകളിലെ ഇതിവൃത്തം വൈവിധ്യമാർന്നവയാണ്. നന്മനിറഞ്ഞ മറിയമേ നിനക്കു സമാധാനം, ഞാൻ കർത്താവിന്റെ ദാസി,ഗബ്രിയേൽ മാലാഖ, കാലിത്തൊഴുത്തിലെ ജനനം, ആട്ടിടയർ,മൂന്നു രാജാക്കൾക്കു വഴികാട്ടിയാവുന്ന നക്ഷത്രം, പുൽത്തൊട്ടിയിലെ യേശു, ഉണ്ണിയേശുവിനൊത്തുള്ള മാതാപിതാക്കളുടെ പലായനം,തിരുക്കുടുംബം തുടങ്ങിയവ ഉൾച്ചേർന്ന സ്റ്റാംപുകൾ കാലാനുഗതമായി അടുക്കിവച്ചിരിക്കുകയാണു മാത്തൻ. ഇതിനു പുറമേ, ക്രിസ്മസ് ആഘോഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്റ്റാംപുകൾ, സാന്താക്ലോസ്,ക്രിസ്മസ് ട്രീ , പുൽക്കൂട് എന്നിവയും സ്റ്റാപുകളിലൂടെ കാണാം.

ഭാര്യ ആഷയും സുഹൃത്തുക്കളും വിവിധ രാജ്യങ്ങളിലെ  സ്റ്റാംപ് ശേഖരണത്തിൽ സഹായിക്കുന്നു. കഴിഞ്ഞ 20 വർഷമായി ആയിരക്കണക്കിനു സ്റ്റാംപുകളാണു ശേഖരിച്ചത്.. ഇവയിൽ നിന്നു ക്രിസ്മസ് അനുബന്ധമായി തിരഞ്ഞെടുത്തവയാണ് കഥ പോലെ മാത്തൻ അടുക്കി ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാംപുകൾ അടുക്കാനും ഒട്ടിക്കാനും മക്കളായ ക്രിസ്റ്റീനയും റബേക്കയും അപ്പനെ സഹായിക്കുന്നു.യേശുവിന്റെ ജനനകഥയിലെ സ്റ്റാംപുകളിൽ നിന്നു  വിട്ടുപോയ സ്റ്റാംപുകൾ സംഘടിപ്പിക്കാൻ മാത്തൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്റ്റാംപ് വിൽക്കാൻ തയാറായ ആളിൽ നിന്നു വൻതുക കൊടുത്താണു മാത്തൻ ഇവ വാങ്ങി പൂരിപ്പിച്ചത്.

error: Content is protected !!