രാത്രി കുളിർമഞ്ഞും പകൽ കൊടും ചൂടും: ആരോഗ്യത്തിന് ഭീഷണി, ശ്രദ്ധിക്കൂ ഈ നിർദേശങ്ങൾ…

 കോവിഡ് വ്യാപനത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്. പകലിലെ ഉയർന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 2 ദിവസമായി രാത്രിയിലും പുലർച്ചെയും തണുത്ത അന്തരീക്ഷമാണ്. പകൽ സമയത്ത് അസഹനീയമായ ചൂടും. ചൂടിന്റെ കാഠിന്യം വർധിച്ചതോടെ വേനൽക്കാല രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്.

പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് വെയിലടിക്കുന്നത് കഴിവതും ഒഴിവാക്കണം. നേത്രരോഗം, മഞ്ഞപ്പിത്തം, വൈറൽ പനി ടൈഫോയ്ഡ്, ആവശ്യത്തിനു വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന നിർജലീകരണം, മൂത്രത്തിലെ അണുബാധ, ചിക്കൻപോക്സ് തുടങ്ങിയവയൊക്കെ വേനൽക്കാല രോഗങ്ങളാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, നിർമാണ മേഖലയിലെ തൊഴിലാളികൾ എന്നിവർക്കും അമിതമായി വെയിലേറ്റ് രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. 

അൽപം  ശ്രദ്ധിക്കൂ…

വേനൽക്കാല രോഗങ്ങളെ ചെറുക്കാൻ ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ. 

∙ ദിവസവും കുറഞ്ഞത് 3 ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. കൂടുതൽ അളവ് വെള്ളം ഒന്നോ രണ്ടോ തവണയായി കുടിക്കുന്നതിനു പകരം പല തവണകളായി കുടിക്കുക. 

∙ തിളപ്പിച്ചാറ്റിയ വെള്ളമാണ് ഉത്തമം. തണുത്ത വെള്ളം ഒഴിവാക്കുക. 

∙ പഴവർഗങ്ങൾ കൂടുതലായി ഉപയോഗിക്കുക. വിപണിയിൽ നിന്നു വാങ്ങുന്ന പഴവർഗങ്ങൾക്കു പകരം നാടൻ പപ്പായ, കൈതച്ചക്ക, കരിക്ക് എന്നിവ ഉപയോഗിക്കാം. 

∙ വെയിലേറ്റ് നടക്കരുത്. അസഹനീയമായ ചൂട് ഉള്ളപ്പോൾ കാൽനടയാത്ര ഒഴിവാക്കുക. ആവശ്യമെങ്കിൽ കുട ചൂടി നടക്കുക. 

∙ വേനൽക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനമാണ്. ശുദ്ധജലം ഉപയോഗിച്ചു ദിവസം 3 തവണയെങ്കിലും കണ്ണ് കഴുകണം. കണ്ണിനു ചുവപ്പ് നിറമോ അണുബാധയോ ഉണ്ടെന്നു സംശയം തോന്നിയാൽ ഡോക്ടറെ സമീപിക്കണം.

error: Content is protected !!