ഇടതു മുന്നണിയിലെത്തിയ കേരള കോൺഗ്രസ്; ആരാണ് പച്ച പിടിച്ചത് ?
ഇടതു മുന്നണിയിലെത്തിയപ്പോൾ കേരള കോൺഗ്രസിന്റെ (എം) ശക്തി കൂടിയോ അതോ കുറഞ്ഞോ? തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയതോടെ തങ്ങളുടെ രാഷ്ട്രീയ തീരുമാനം ശരിയെന്നു തെളിഞ്ഞുവെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി അവകാശപ്പെടുന്നു. വർഷങ്ങൾക്കു ശേഷം കോട്ടയത്ത് എൽഡിഎഫ് മികച്ച വിജയം നേടിയതു തങ്ങളുടെ പിന്തുണ കൊണ്ടാണ്.
അര നൂറ്റാണ്ടിനു ശേഷം പാലാ നഗരസഭയിൽ എൽഡിഎഫിനു ഭരണവും കിട്ടി– ജോസ് വിഭാഗം പറയുന്നു. അതേസമയം യുഡിഎഫ് വിട്ടതു കേരള കോൺഗ്രസിന് (എം) നഷ്ടമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ മറുവാദം. പാലാ മേഖലയിൽ ഗ്രാമപ്പഞ്ചായത്തുകളിലെ കേരള കോൺഗ്രസ് അംഗങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും കോൺഗ്രസ് പറയുന്നു.
2 സീറ്റ് കൂടി
2015 ൽ മാണി, ജോസഫ് വിഭാഗങ്ങൾ ഒരുമിച്ചു നിന്നപ്പോൾ കേരള കോൺഗ്രസിന് (എം) കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 217 സീറ്റുകൾ ലഭിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ജോസ് വിഭാഗത്തിൽ നിന്ന് ജയിച്ചവരുടെ എണ്ണം 219 ആയി. കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗത്തിന് ജില്ലയിൽ 99 സീറ്റുകളാണു കിട്ടിയത്.
കോട്ടകൾ നിറഞ്ഞും മറിഞ്ഞും
പാലാ
2015 ൽ പാലായിൽ കേരള കോൺഗ്രസി (എം)ന്റെ 75 അംഗങ്ങൾ ജയിച്ചു. 2020 ൽ ജോസ് കെ മാണി വിഭാഗത്തിലെ 44 പേരും ജോസഫ് വിഭാഗത്തിലെ 17 പേരും ജയിച്ചു. പാലാ നഗരസഭയിൽ 2015 ൽ 17 പേർ ജയിച്ചപ്പോൾ ഇക്കുറി ജോസ് വിഭാഗത്തിലെ 10 പേർ മാത്രം. 2015 ൽ കേരള കോൺഗ്രസ് ഒപ്പം നിന്നപ്പോൾ പാലാ നഗരസഭയിലും 9 പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം നേടി.
മൂന്നിടത്തു മാത്രം എൽഡിഎഫ്. ഇത്തവണ കേരള കോൺഗ്രസ്(എം) ചേർന്നപ്പോൾ എൽഡിഎഫിന് ലഭിച്ചത് പാലാ നഗരസഭയിലും 5 പഞ്ചായത്തുകളിലും ഭരണം. യുഡിഎഫ് നാലു പഞ്ചായത്തിൽ ഭരണത്തിലെത്തി. മൂന്നു പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.
കടുത്തുരുത്തി
കടുത്തുരുത്തി മണ്ഡലത്തിലെ പഞ്ചായത്തുകളിൽ 2015 ൽ കേരള കോൺഗ്രസിന് ലഭിച്ചത് 58 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളാണ്. ഇത്തവണ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് 52 വാർഡുകളിലും ജോസഫ് വിഭാഗത്തിന് 14 വാർഡുകളിലും വിജയിക്കാനായി. 2015 ൽ 8 പഞ്ചായത്തുകൾ യുഡിഎഫ് ഭരിച്ചു. 3 പഞ്ചായത്തുകൾ എൽഡിഎഫും. ഇത്തവണ കേരള കോൺഗ്രസ് (എം) കൂടെ എത്തിയപ്പോൾ എൽഡിഎഫ് 6 പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചു. നാലിടത്ത് യുഡിഎഫിന് മേൽക്കൈ. കിടങ്ങൂരിൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും ഭൂരിപക്ഷമില്ല.
ഏറ്റൂമാനൂർ
ഏറ്റുമാനൂരിൽ കേരള കോൺഗ്രസിന് (എം) നഷ്ടമാണ്. ജോസഫ് വിഭാഗം നേട്ടമുണ്ടാക്കി. 2015 ൽ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ 21 സീറ്റുകളാണ് കേരള കോൺഗ്രസി(എം)ന് ലഭിച്ചത്. 2020 ൽ ജോസ് വിഭാഗത്തിന് 8 സീറ്റുകളും ജോസഫ് വിഭാഗത്തിന് 9 സീറ്റുകളും ലഭിച്ചു. 2015 ൽ ഏറ്റുമാനൂർ നഗരസഭയും 3 പഞ്ചായത്തുകളും യുഡിഎഫ് ഭരിച്ചു. 3 പഞ്ചായത്തുകൾ എൽഡിഎഫും. ഇക്കുറി ഏറ്റുമാനൂർ നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. 4 പഞ്ചായത്തുകൾ എൽഡിഎഫിനു ലഭിച്ചു. യുഡിഎഫിന് ലഭിച്ചത് രണ്ടു പഞ്ചായത്തുകൾ.