പഞ്ചായത്തുകളിൽ ഭരണം നേടാൻ മുന്നണികൾ നെട്ടോട്ടത്തിൽ; വിമതർക്ക് ഇതു നല്ല കാലം!
കോട്ടയം ∙ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ ഭരണം നേടാൻ മുന്നണികൾ നെട്ടോട്ടത്തിൽ. ഇവിടങ്ങളിൽ ഭരണം ആർക്കെന്നു തീരുമാനിക്കുന്നത് സ്വതന്ത്രരും വിമതന്മാരും. മൂന്നു മുന്നണികളും സ്വതന്ത്രരുമായി ചർച്ച ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് സ്വതന്ത്രർ ആവശ്യപ്പെടുന്നത്. വിമതരായി ജയിച്ചവരെ പാർട്ടിയിലേക്ക് മടക്കിക്കൊണ്ടു വരാനും നീക്കമുണ്ട്.
ജില്ലയിൽ 19 പഞ്ചായത്തുകളിലാണ് ആർക്കും ഭൂരിപക്ഷമില്ലാത്തത്. ഇതിൽ 11 ഗ്രാമപ്പഞ്ചായത്തുകളും പാലാ, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലാണ്. കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റമാണ് കാരണങ്ങളിൽ പ്രധാനം. ഭരണത്തിന് ധാരണ എത്തിയ ചില പഞ്ചായത്തുകളിലെ സ്ഥിതി ചുവടെ. മറ്റിടങ്ങളിൽ മുന്നണികൾ ചർച്ച ആരംഭിച്ചിട്ടില്ല.
ഉഴവൂർ
പഞ്ചായത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ 2 അംഗങ്ങളും യുഡിഎഫിനു പിന്തുണ നൽകും. (ആകെ 13, യുഡിഎഫ്–5, എൽഡിഎഫ്–5, എൻഡിഎ–1, സ്വതന്ത്രർ–2 )
കുറവിലങ്ങാട്
യുഡിഎഫിനു കേവല ഭൂരിപക്ഷം ഇല്ല. 14 വാർഡുകളിൽ 7 സ്ഥലത്തു യുഡിഎഫ് വിജയിച്ചതിനാൽ ഭരണം ഉറപ്പാക്കി. എൽഡിഎഫിന് 6 സീറ്റ്. വിജയിച്ച സ്വതന്ത്രൻ ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
പായിപ്പാട്
എൽഡിഎഫിന് 7 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കുറവ്. സ്വതന്ത്രനായ സിബിച്ചൻ ഒട്ടത്തിലിന്റെ പിന്തുണ നേടാൻ എൽഡിഎഫ് ശ്രമിക്കുന്നു. (ആകെ 16, എൽഡിഎഫ് 7, യുഡിഎഫ് 5, എൻഡിഎ -2, എസ്ഡിപിഐ -1)
തിടനാട്
2 സ്വതന്ത്രർ പിന്തുണച്ചാൽ എൽഡിഎഫിനു ഭരണം കിട്ടും. യുഡിഎഫ് വിമത ബിനി ബിനോ, സ്വതന്ത്രൻ സ്കറിയാച്ചൻ പൊട്ടനാനി എന്നിവരുടെ നിലപാട് നിർണായകം. ബിനി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടു. സിപിഎം തീരുമാനിച്ചില്ല. ( ആകെ 14, എൽഡിഎഫ് –6, യുഡിഎഫ് – 3, ബിജെപി –1, ജനപക്ഷം –2, സ്വത–2 )
തലപ്പലം
ഭരണത്തിലെത്താൻ യുഡിഎഫിന് ഒരംഗത്തിന്റെ പിന്തുണ വേണം. കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റ് കെ.ജെ സെബാസ്റ്റ്യൻ സ്വതന്ത്രനായി ജയിച്ചിട്ടുണ്ട്. ചർച്ച നടക്കുന്നു. (ആകെ 13, യുഡിഎഫ് –6, എൽഡിഎഫ് –3, ബിജെപി – 3, സ്വത –1 )
മേലുകാവ്
സ്വതന്ത്രർ പിന്തുണച്ചാൽ യുഡിഎഫിന് ഭരണം കിട്ടും. ചർച്ചകൾ നടക്കുന്നു. സ്വതന്ത്രർ പിന്തുണയ്ക്കാനും സജ്ജം. (ആകെ 13, കോൺഗ്രസ് –5, കേരള കോൺഗ്രസ്(ജോസഫ്)–1, സിപിഎം –2, സിപിഐ–1, കേരള കോൺഗ്രസ് എം–1ബിജെപി–1, ഒഐഒപി–1സ്വതന്ത്ര1 )
പൂഞ്ഞാർ തെക്കേക്കര
4 പേർ ജയിച്ച ജനപക്ഷം തീരുമാനിക്കും ഭരണം. ചർച്ചകൾ നടക്കുന്നു. (ആകെ 14, യുഡിഎഫ് – 5, എൽഡിഎഫ് – 5, ജനപക്ഷം –4)
എരുമേലി
സ്വതന്ത്രൻ ബിനോയ് ഇലവുങ്കലിന്റെ തീരുമാനം നിർണായകം. എൽഡിഎഫും യുഡിഎഫും ബിനോയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തു. (ആകെ 23, യുഡിഎഫ് –11, എൽഡിഎഫ് –11, സ്വത–1)
മുത്തോലി
കോൺഗ്രസിന്റെ നിലപാടാണ് നിർണായകം. ആരെ സഹായിക്കണം എന്നതു സംബന്ധിച്ച് നിലപാടെടുത്തില്ലെന്നു കോൺഗ്രസ് നേതൃത്വം പറഞ്ഞു. (ആകെ 13, ബിജെപി –6, കേരള കോൺഗ്രസ് എം-4, സിപിഎം-1, കോൺഗ്രസ്-2)
ഭരണങ്ങാനം
പഞ്ചായത്തിൽ ഭൂരിപക്ഷത്തിന് 1 സീറ്റിന്റെ കുറവ്. ഇവിടെ കോൺഗ്രസ് ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. (ആകെ 13, കോൺഗ്രസ്-5, കേരള കോൺഗ്രസ് ജോസഫ്-1, സിപിഎം സ്വത-3, കേരള കോൺഗ്രസ് എം-2, സിപിഐ സ്വത-1, ബിജെപി-1)
കൊഴുവനാൽ
ഭരണം പിടിക്കാൻ 1 സീറ്റിന്റെ കുറവാണ് എൽഡിഎഫിനുള്ളത്. ഇവിടെ സ്വതന്ത്രരെ പിടിക്കാനുള്ള ശ്രമങ്ങൾ എൽഡിഎഫ്‍ നടത്തുന്നുണ്ട്. (ആകെ 13, സിപിഎം സ്വത-3, കേരള കോൺഗ്രസ് എം-3, കേരള കോൺഗ്രസ് ജോസഫ്-2, കോൺഗ്രസ്-1, ബിജെപി-3, ഒഐഒപി സ്വത-1)
കിടങ്ങൂർ
ആർക്കും ഭൂരിപക്ഷമില്ല. ഇവിടെ എൽഡിഎഫും ബിജെപിയും ഭരണം പിടിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. (ആകെ15, കേരള കോൺഗ്രസ്-എം-4, സിപിഎം-1, എൽഡിഎഫ് സ്വത-2, കേരള കോൺഗ്രസ് ജോസഫ്-3)
രാമപുരം
പഞ്ചായത്തിൽ ആകെയുള്ള 18 സീറ്റിൽ യുഡിഎഫ് എട്ടിടത്ത് വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷമായില്ല. ഇവിടെ സ്വതന്ത്രരെ ചേർത്ത് ഭരിക്കാനുള്ള നീക്കങ്ങൾ യുഡിഎഫ്‍ ആരംഭിച്ചു. (ആകെ 18, കോൺഗ്രസ്-6, കേരള കോൺഗ്രസ് ജോസഫ്-2, കേരള കോൺഗ്രസ് (എം)-5, ബിജെപി-3, സ്വതന്ത്രർ-2)