KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മൈക്കിൾ എ. കള്ളിവയലിൽ (കൊണ്ടൂപറമ്പിൽ അപ്പച്ചൻ) അന്തരിച്ചു.

മുണ്ടക്കയം : പ്രമുഖ പ്ലാന്ററും, വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനും, കാത്തലിക് ട്രസ്റ്റ് ചെയർമാനും, റബർ ബോർഡ് മുൻ വൈസ് ചെയർമാനും, രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടറുമായ മൈക്കിൾ എ. കള്ളിവയലിൽ (97 ) അന്തരിച്ചു. ഹൈറേഞ്ചിന്റെ വളർച്ചയ്ക്കും വികസനത്തിനും സാമൂഹിക പ്രതിബദ്ധതയോടെ നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.
ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍, മുണ്ടക്കയം കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്‌കൂൾ എന്നിവയുടെ സ്ഥാപകനാണ് . കുട്ടിക്കാനം മരിയന്‍ കോളജിന്റെ സ്ഥാപനത്തിനായി 25 ഏക്കര്‍ ഭൂമി ദാനം നല്‍കിയതും അദ്ദേഹമാണ്.

സംസ്‌കാരം മല്ലികശേരിയിലുള്ള കൊണ്ടൂപ്പറമ്പിൽ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വിളക്കുമാടം സെന്റ് ഫ്രാൻസിസ് പള്ളിയിലെ കുടുബ കല്ലറയിൽ . ഇടമറ്റം കുരുവിനാക്കുന്നേൽ കുടുംബാംഗമായ മറിയമ്മയാണ് ഭാര്യ. മക്കൾ : റാണി, വിമല, ഗീത, ജോസഫ് മൈക്കിൾ, റോഷൻ.

വിഖ്യാതനായ പ്ലാന്‍ര്‍ കള്ളിവയലില്‍ പാലാ വിളക്കുമാടം കൊണ്ടൂപറമ്പില്‍ പാപ്പന്റെയും (കെ.സി. ഏബ്രഹാം കള്ളിവയലില്‍) ഏലിയാമ്മയുടെയും ഏഴു മക്കളില്‍ നാലാമനാണ് മൈക്കിള്‍ എ. കള്ളിവയലില്‍. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്നു ബിരുദം നേടിയ ശേഷം പിതാവിന്റെ പാതയില്‍ പ്ലാന്റേഷന്‍ രംഗത്തു സജീവമായി. പിതാവിന്റെ എസ്റ്റേറ്റുകളും മര്‍ഫി സായിപ്പില്‍ നിന്നു വാങ്ങിയ എസ്‌റ്റേറ്റുകളുമെല്ലാം ചേര്‍ന്ന് കേരളത്തിലെ പ്രമുഖ പ്ലാന്റേഷനുകളുടെ ചുമതലയില്‍ സജീവമായിരുന്നു. റബര്‍, തേയില, കാപ്പി തുടങ്ങിയ കൃഷികളില്‍ വിജയകരമായ നൂതന രീതികള്‍ ആവിഷ്‌കരിക്കുകയും പ്രചാരം നല്‍കുകയും ചെയ്തു. പുല്ലുപാറ എസ്റ്റേറ്റില്‍ തേയില കൃഷിയിലും നേട്ടം കൊയ്തു.

1977ല്‍ ബ്ലോക്ക് റബര്‍ സംസ്‌കരണത്തിനായി കള്ളിവയലില്‍ കുടുംബത്തിലെ തന്നെ സഹോദരന്‍ പൈകയില്‍ തുടങ്ങിയ ഹെവിയ ക്രംബ് ഫാക്ടറി പിന്നീട് ഏറ്റെടുത്തതോടെ വ്യവസായ രംഗത്തും സജീവമായി. മകന്‍ ജോസഫ് കള്ളിവയലിന്റെ താത്പര്യത്തില്‍ ഗെന്റോക്ക് റബര്‍ കമ്പനി കൂടി ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളിലേക്കു റബര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നു. ഗതാഗത സൗകര്യത്തിനായി ബ്രിട്ടീഷുകാര്‍ 1904ല്‍ തുടങ്ങിയ കോട്ടയത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയും വാങ്ങിയിരുന്നു. ഹെവിയ എന്‍ജിനീയറിംഗ് വര്‍ക്സ്, ടാസ് ഹില്‍ പ്ലാന്റേഷന്‍സ്, ഗ്ലെന്‍വ്യൂ തേയില ഫാക്ടറി, ഗ്ലെന്റോക് ചാരിറ്റബിള്‍ സൊസൈറ്റി, മിസ്റ്റി മൗണ്ടന്‍ പ്ലാന്റേഷന്‍ റിസോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഒട്ടേറെപ്പേര്‍ക്കു ജോലിയും ജീവിതമാര്‍ഗവും നല്‍കാന്‍ കഴിഞ്ഞു.

ഇന്ത്യയില്‍ റബര്‍ കൃഷി വിജയകരമാക്കിയ വിഖ്യാതനായ ജെ.ജെ. മര്‍ഫിയുമായുള്ള അടുപ്പം മൈക്കില്‍ കള്ളിവയലിലിനെ മികച്ച റബര്‍ പ്ലാന്ററാക്കാന്‍ സഹായകമായി. മര്‍ഫി സായിപ്പിന്റെ ഓര്‍മയ്ക്കായി ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍ തുടങ്ങിയ ഇദ്ദേഹം പിതാവിന്റെ സ്മരണയ്്ക്കായി മുണ്ടക്കയത്ത് കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ സ്‌കൂളും ആരംഭിച്ചു. 1960 കളുടെ തുടക്കത്തില്‍ കുട്ടിക്കാനം പയസ് ടെന്‍ത് സ്‌കൂളിന്റെ സ്ഥാപനത്തിലും മുഖ്യ പങ്കു വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ അഭ്യര്‍ഥന സ്വീകരിച്ചു കുട്ടിക്കാനം മരിയന്‍ കോളജിന്റെ സ്ഥാപനത്തിനായി 25 ഏക്കര്‍ ഭൂമി ദാനം നല്‍കാനും സന്മനസ് കാട്ടി. രൂപതയുടെ മറ്റു സാമൂഹ്യ പദ്ധതികള്‍ക്കായും നൂറിലേറെ ഏക്കര്‍ ഭൂമി ദാനം ചെയ്യാനും മടിച്ചില്ല.

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പൈക ലയണ്‍സ് ഐ ഹോസ്പിറ്റല്‍ എന്നിവയുടെ സ്ഥാപനത്തിനായി കൈയയച്ചു സഹായിക്കാനും തയാറായി. ഹൈറേഞ്ചിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളുടെയും സന്യാസസ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും ആശുപത്രികളുടെയും അഗതിമന്ദിരങ്ങളുടെയും സ്ഥാപനത്തിലും ഉദാരമായ സഹായസഹകരണങ്ങള്‍ നല്‍കി. ഏന്തയാറില്‍ വയോധികര്‍ക്കായി സ്നേഹഗിരി സന്യാസി സമൂഹം സ്ഥാപിച്ച ശാന്തിനിലയത്തിനും പെരുവന്താനം പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിക്കും തെക്കേമല, മുറിഞ്ഞപുഴ, ഏന്തയാര്‍, കമ്പംമെട്ട് ദേവാലയങ്ങള്‍ക്കും വിവിധ കോണ്‍വെന്റുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സൗജന്യമായി ഭൂമിയും ഇതര സഹായങ്ങളും നല്‍കി.

പെരുവന്താനം പഞ്ചായത്തംഗം, പെരുവന്താനം സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ബാങ്ക് എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, കുട്ടിക്കാനം മരിയന്‍ കോളജ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പൊതുസേവനത്തില്‍ തത്പരനായിരുന്ന മൈക്കിള്‍ കള്ളിവയലില്‍ ഒരിക്കല്‍ ഇടുക്കിയില്‍ നിന്നു പാര്‍ലമെന്റിലേക്കു മല്‍സരിക്കാനും തയാറായി. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കേരള കാത്തലിക് ട്രസ്റ്റ് പ്രസിഡന്റ്, രാഷ്ട്രദീപിക ഡയറക്ടര്‍, മുണ്ടക്കയം പ്ലാന്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, മുണ്ടക്കയം ക്ലബ് പ്രസിഡന്റ്, കോട്ടയം ജില്ലാ അമച്വര്‍ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ്, പീരുമേട് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്റ് തുടങ്ങി മൈക്കിള്‍ കള്ളിവയലില്‍
സാമൂഹിക പ്രതിബദ്ധതയോടെ നേതൃത്വം നല്‍കിയവ നിരവധിയാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ നല്ലതണ്ണിയില്‍ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നു. രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിലും വിവിധ സമിതികളിലും അംഗമായിരുന്നു.
മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വികസനത്തിലും പ്രധാന പങ്കു വഹിച്ചു. ഇവിടെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുകയും നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കുകയും ചെയ്തു. ആശുപത്രിയുടെ സെക്രട്ടറിയും ട്രഷററുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പൈക ഇടമറ്റത്ത് ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് ലയണ്‍സ് ഐ ഹോസ്പിറ്റല്‍ സ്ഥാപിച്ച് ചെലവുകുറഞ്ഞ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയും അനേകരെ സഹായിക്കുന്നു. മൈക്കിള്‍ കള്ളിവയലിലും എന്നും താങ്ങും തണലുമായ ഭാര്യ മറിയമ്മയും ആരോരുമറിയാതെ നല്‍കിയ സഹായങ്ങളാകും കൂടുതല്‍.

കൈവെച്ചതും കടന്നുചെന്നതുമായ കര്‍മമണ്ഡലങ്ങളില്‍ നൂറുമേനി വിജയവും അതിലേറെ നന്‍മയും പകര്‍ന്ന മൈക്കിള്‍ കള്ളിവയലില്‍ എക്കാലവും നാടിനും നാട്ടുകാര്‍ക്കും ഉപകാരിയും സ്‌നേഹിതനുമായിരുന്നു. ഹൈറേഞ്ചിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സാമൂഹിക
പ്രതിബദ്ധതയോടെ നിലകൊണ്ട മനുഷ്യസ്നേഹിയുമായിരുന്നു.

error: Content is protected !!