കൈയേറ്റംമൂലം പൊതുവഴിയുടെ വീതി കുറഞ്ഞതായി പരാതി
ചെറുവള്ളി: കിഴക്കയിൽ ദുർഗാദേവീക്ഷേത്രത്തിനും പത്തോളം കുടുംബങ്ങൾക്കും പ്രയോജനപ്പെട്ടിരുന്ന പൊതുവഴിക്ക് കാലങ്ങളായുള്ള കൈയേറ്റംമൂലം വീതി കുറഞ്ഞതായി പരാതി. നാലുമീറ്റർ വീതിയുണ്ടായിരുന്ന വഴിയുടെ പല ഭാഗത്തും മൂന്നുമീറ്ററിൽ താഴെയാണിപ്പോൾ വീതി.
സർവേ രേഖകളിൽ 510 മീറ്റർ പൊതുവഴിയായ റോഡിന്റെ പുനരുദ്ധാരണത്തിനായി ചിറക്കടവ് പഞ്ചായത്ത് തുക അനുവദിച്ചിട്ടും ഇക്കാരണങ്ങൾമൂലം ഉപയോഗിക്കാനായില്ല.
പുനലൂർ-പൊൻകുന്നം റോഡിൽനിന്നാണ് തുടക്കം. ഇവിടെ കെ.എസ്.ടി.പി. നഷ്ടപരിഹാരം നൽകി നമ്പരിട്ട് ഏറ്റെടുത്ത കെട്ടിടം പൊളിച്ചുനീക്കാത്തതും വഴിയുടെ വീതി കുറയാൻ കാരണമായി.
ചെറുവള്ളി പാലേക്കുഴിയിൽ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ചിറക്കടവ് പഞ്ചായത്ത്, ജില്ലാ കളക്ടർ, റവന്യൂമന്ത്രി എന്നിവർക്ക് പരാതി നൽകി.