ബോയ്സ് എസ്റ്റേറ്റിലെ മരംമുറി; അനുമതി തേടിയില്ലെന്ന് വനം വകുപ്പ്; മുറിച്ചത് സർക്കാർ നിർദേശപ്രകാരമെന്ന് ഉടമ
മുണ്ടക്കയം ഈസ്റ്റ്: സ്വകാര്യ റബ്ബർ തോട്ടത്തിലെ മരങ്ങൾ അനധികൃതമായി മുറിച്ചുനീക്കിയതായി പരാതി. ഇടുക്കി, കൊക്കയാർ വില്ലേജിൽ ഹാരിസൺ ഗ്രൂപ്പിന്റെ ബോയ്സ് എസ്റ്റേറേറിലെ കൊടികുത്തി ഡിവിഷനിൽപ്പെട്ട പന്ത്രണ്ടാംകാട് ഭാഗത്ത് നിന്നിരുന്ന പ്ലാവ്, മാവ്, മരുതി എന്നീ മരങ്ങൾ മുറിച്ചുനീക്കി.
മരംമുറിക്ക് പാസ് നൽകിയിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുമ്പോൾ ചട്ടലംഘനമില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്.
ലോഡുകണക്കിന് മരങ്ങൾ ഇവിടെനിന്ന് കൊണ്ടുപോയതായി കൊടികുത്തി സ്വദേശി സുരേന്ദ്രനാണ് പരാതി നൽകിയത്. പരാതിയിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. സർക്കാർ ഷെഡ്യൂൾ ചെയ്ത വീട്ടി, തേക്ക് എന്നീ മരങ്ങൾ ഇവിടെനിന്ന് മുറിച്ചതായി കണ്ടെത്തിയിെല്ലന്നും ഏഴ് പ്ലാവ്, ഒരു മാവ് എന്നിവ മാത്രമാണ് മുറിച്ചിട്ടിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് പീരുമേട് തഹസിൽദാർക്ക് റിപ്പോർട്ട് കൈമാറിയതായും കൊക്കയാർ വില്ലേജ് ഓഫീസർ കെ.എസ്.സിന്ധു പറഞ്ഞു.
മരംമുറിക്കൽ സംബന്ധിച്ച് പരാതി ലഭിക്കുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിെല്ലന്ന് ഇടുക്കി കളക്ടർ എച്ച്.ദിനേശൻ പറഞ്ഞു.
തോട്ടത്തിൽനിന്ന് മരം മുറിക്കാൻ വനം വകുപ്പ് പാസ് നൽകിയിട്ടിെല്ലന്നും ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടിെല്ലന്നും വനം വകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ. ഷാൻട്രി ടോം പറഞ്ഞു. സർക്കാർ നിർദേശപ്രകാരം ലയങ്ങളുടെ അറ്റകുറ്റപ്പണിക്കായി പ്ലാവ് മാത്രമാണ് മുറിച്ചതെന്നും വ്യാപകമായി മരം മുറിച്ചതായ പരാതി കെട്ടിച്ചമച്ചതാെണന്നും തോട്ടം മാനേജർ കുര്യൻ പറഞ്ഞു.