92 വർഷം അറിവിന്റെ തണലായ ശ്രീദയാന്ദ സ്‌കൂൾ കെട്ടിടം ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നു.. തലമുറകൾക്ക് അക്ഷരവെളിച്ചമേകിയ സ്‌കൂൾ പൊളിക്കുന്നതിന് മുന്നോടിയായി ഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും നടത്തി.
പൊൻകുന്നം: 1929 മുതൽ ഉരുളികുന്നം ഗ്രാമത്തിൽ അക്ഷരവെളിച്ചമേകിയ ശ്രീദയാനന്ദ സ്‌കൂളിന്റെ അക്കാലം മുതലുള്ള കെട്ടിടം ദിവസങ്ങൾക്കുള്ളിൽ ഓർമയാകും.
മാനേജ്‌മെന്റായ ഉരുളികുന്നം 619-ാം നമ്പർ എൻ.എസ്.എസ്.കരയോഗം 90 ലക്ഷം രൂപയോളം ചെലവഴിച്ച് ഇരുനില മന്ദിരം പണിയുന്നതിനായി ഇത് പൊളിച്ചുനീക്കുകയാണ്. തലമുറകൾക്ക് അക്ഷരവെളിച്ചമേകിയ സ്‌കൂൾ പൊളിക്കുന്നതിന് മുന്നോടിയായി ഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും നടത്തി.
നാട്ടിൻപുറത്ത് വിദ്യാലയങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതാണിത്. 1929-ൽ കുരുവിക്കൂട്ട് വല്യാശാൻ എന്നറിയപ്പെട്ടിരുന്ന ചൊള്ളങ്കൽ നാരായണൻ നായർ ദാനം ചെയ്ത സ്ഥലത്താണ് വിദ്യാലയം പണിതത്. അദ്ദേഹത്തിന്റെ നിലത്തെഴുത്തുകളരി പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. ആര്യസമാജപ്രവർത്തകനായ വിജ്ഞാന ചന്ദ്രസേനനാണ് സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം തിരുവനന്തപുരത്തേക്ക് പ്രവർത്തന മണ്ഡലം മാറ്റിയപ്പോൾ ഉരുളികുന്നം ചൊള്ളങ്കൽ കുമാരൻ നായരെ കറസ്‌പോണ്ടന്റായി നിയോഗിച്ച് സ്‌കൂൾ നടത്തി. പിന്നീട് ചന്ദ്രസേനൻ കുഴിക്കാട്ട് കെ.പി.നായർക്ക് കൈമാറിയ സ്‌കൂൾ ഉരുളികുന്നം എൻ.എസ്.എസ്.കരയോഗം സ്‌കൂൾ വാങ്ങുകയായിരുന്നു.
വയലിൽ ശങ്കരപ്പിള്ള, എം.കെ.അയ്യപ്പൻനായർ, പി.വി.രാമൻ ചെട്ടിയാർ, ആളുറമ്പിൽ രാമകൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപകർ. ഉരുളികുന്നത്തെയും എലിക്കുളത്തെയും തലമുറകൾക്ക് വിദ്യപകർന്ന പഴയ കെട്ടിടം പൊളിക്കുന്നതറിഞ്ഞ് ചിത്രമെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഓർമകൾ പങ്കുവെയ്ക്കുകയും ചെയ്ത് ഗൃഹാതുരത്വം പങ്കുവെയ്ക്കുകയാണ്.
സ്‌കൂൾ പൊളിക്കുന്നതിന്റെ ഭാഗമായി നാരായണമംഗലം വാസുദേവൻ മൂസതിന്റെ കാർമികത്വത്തിൽ നടന്ന മൃത്യുഞ്ജയ ഹോമം.
സക്കറിയയുടെ മാതൃവിദ്യാലയം